
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ കൂടുതൽ ചോദ്യം ചെയ്യാനായി എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നിലവിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
എന്നാൽ, രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.
ഇന്ന് രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. അതേ സമയം, മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.