അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി വി എസ് ശിവകുമാറിന്‍റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

By Web TeamFirst Published Feb 20, 2020, 10:22 AM IST
Highlights

കഴിഞ്ഞ ദിവസം ശിവകുമാറിനും മറ്റ് പ്രതികൾക്കും അക്കൗണ്ടുകൾ ഉള്ള ബാങ്കുകളിൽ നിന്നും, രജിസ്ടേഷൻ ഓഫിസുകളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കേസിൽ പ്രതിയായ മറ്റ് മൂന്നുപേരുടെ വീടുകളിലും റെയ്ഡ് നടക്കുകയാണ്. ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം ഇവയുടെ വിവരങ്ങളാണ് വിജിലൻസ് തേടുന്നത്. വിജിലൻസ് പ്രത്യേക സെൽ ഡിവൈ എസ് പി വി എസ് അജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞ ദിവസം എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ശിവകുമാർ മന്ത്രിയായിരുന്നപ്പോള്‍ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ശിവകുമാറിനും പ്രതികൾക്കും അക്കൗണ്ടുകൾ ഉള്ള ബാങ്കുകളിൽ നിന്നും, രജിസ്ടേഷൻ ഓഫിസുകളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലന്‍സിന് സർക്കാർ അനുമതി നൽകിയിരുന്നു.  18.5.2011 നും 20.5.2016നുമിടയിൽ ശിവകുമാറിന്‍റെ അടുപ്പക്കാരുടെെ സ്വത്തിൽ വർദ്ധനയുണ്ടായെന്നാണ് വിജിലൻസ് പറയുന്നത്.തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ എസ്പി വി എസ് അജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്. 

2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്. വഴുതക്കാട് സ്വദേശിയുടെ പേരിൽ വന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും പരാതിക്കാരെ കണ്ടെത്താനോ മൊഴിയെടുക്കാൻ വിജിലൻസിന് കഴിഞ്ഞിരുന്നില്ല. പക്ഷെ ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

click me!