
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വിൽപ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam