
കണ്ണൂർ: കെ എം ഷാജി എംഎൽഎ അഴീക്കോട് ഹയർസെക്കന്‍ററി സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പൂതപ്പാറയിലെ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്ന നൗഷാദ്, പരാതിക്കാരൻ കെ പത്മനാഭൻ എന്നിവരാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ഓഫീസിലെത്തി മൊഴി നൽകിയത്. സാക്ഷികൾ എംഎൽഎക്കെതിരെ രേഖമൂലമുള്ള തെളിവുകൾ നൽകിയെന്ന് വിജിലൻസ് അറിയിച്ചു.
2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ആദ്യമായാണ് സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഹയർ സെക്കന്ററി അനുവദിച്ചതിൽ മുസ്ലിംലീഗിന് പ്രാദേശികമായി ഓഫീസ് നിർമ്മിക്കാൻ സ്കൂൾ മാനേജ്മെന്റ് 25 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു എന്നും ഈ പണം കെഎം ഷാജി ഒറ്റയ്ക്ക് തട്ടിയെടുത്തു എന്നും കാട്ടി പ്രാദേശിക ലീഗ് നേതാവ് സംസ്ഥന നേതൃത്വത്തിന് അയച്ച കത്ത് ചോർന്നിരുന്നു. ഈ കത്ത് ആധാരമാക്കിയാണ് സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പദ്മനാഭൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
2014-15 കാലയളവിൽ സ്കൂളിന്റെ വരവ് ചെലവ് കണക്ക് പരിശോധിച്ചപ്പോൾ സംഭാവന ഇനത്തിൽ കിട്ടിയ 30 ലക്ഷം ചെലവഴിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എം ഷാജിക്കെതിരെ എഫ്ഐആർ ഇട്ട് വിശദമായ അന്വേഷണം നടത്തുന്നത്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെ മൊഴി ഈ ഘട്ടത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി വി മധുസൂദനൻ ഈ മാസം മുപ്പതിന് വിരമിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam