
കണ്ണൂര്‍ : വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും.
റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയത്. പിന്നാലെ ആന്തൂര്‍ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗര സഭ വഴി വിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്. കെട്ടിട നിര്‍മ്മാണ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘത്തെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ നീക്കം. ഇതിനായി വിജിലന്‍സ് ആസ്ഥാനത്ത് നിന്നും അനുമതി തേടും. ഇതിനു ശേഷമാകും പരാതിയില്‍ കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുക.
നിലവില്‍ പരാതിക്കാരനില്‍ നിന്നും ഫോണ്‍ വഴിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. കേസെടുക്കേണ്ടി വന്നാല്‍ പരാതിക്കാരന്‍റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മുന്‍ മന്ത്രി ഇ പി ജയരാജന്‍റെ സ്വാധീനത്താല്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേര്‍ന്ന് റിസോര്‍ട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. അതേ സമയം നികുതി സംബന്ധിച്ച കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ റിസോര്‍ട്ട് അധികൃതരോട് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റിസോര്‍ട്ടില് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രേഖകളില്‍ വ്യക്തത വരുത്താനായാണ് ഈ നടപടി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ ഇപി ജയരാജന്‍റെ ഭാര്യയുടേയും മകന്‍റേയും പേരിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.രണ്ടു പേരുടേയും പേരില്‍ 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam