
കോട്ടയം:പാലാരിവട്ടം അഴിമതിക്കേസിൽ ആരോപണവിധേയനായ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുക്കി വിജിലൻസ്. ഇബ്രാഹിംകുഞ്ഞിനെതിരായ നടപടികൾ ആലോചിക്കാൻ വിജിലൻസ് സംഘം യോഗം ചേരുകയാണ്. കോട്ടയം വിജിലൻസ് ആസ്ഥാനത്താണ് യോഗം. അന്വേഷണ വിവരങ്ങൾ ചോരുന്നെന്ന ആക്ഷപത്തെത്തുടർന്ന് പുതിയ അന്സംവേഷണ സംഘമാണ് യോഗം ചേരുന്നത്. വിദേശത്തുള്ള ഇബ്രാഹിം കുഞ്ഞ് തിരിച്ചെത്തിയാൽ എന്ത് നടപടിയിലേക്ക് കടക്കണമെന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും.
പാലാരിവട്ടം പാലം കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ വിജിലൻസിനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നിയമനടപടിയിലേക്ക് കടക്കാൻ അന്വേഷണസംഘം നിർബന്ധിതരായിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ സംഘത്തലവനെ, വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ മാറ്റിയിരുന്നു. വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടും തുടർനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഡിവൈഎസ്‍പി അശോക് കുമാറിനെ നീക്കിയത്. അന്വേഷണം തടസ്സപ്പെടുത്താനും അശോക് കുമാർ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നുള്‍പ്പെടെ വിജിലന്‍സ് ഡയറ്കടര്‍ക്ക് പരാതികള്‍ ലഭിച്ചു. ഇതേത്തുടർന്ന് വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്‍പി ശ്യാംകുമാറിനെ അന്വേഷണ സംഘത്തിന്‍റെ പുതിയ തലവനായി നിയമിക്കുകയായിരുന്നു.
വിജിലൻസ് എസ്‍പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ്, രണ്ട് ഡിവൈഎസ്‍പിമാരുള്‍പ്പടെയുള്ള അടങ്ങുന്ന പത്ത് അംഗ സംഘം കോട്ടയത്ത് യോഗം ചേരുന്നത്. നേരത്തെ ടി ഒ സൂരജ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കരാറുകാർക്ക് വായ്പ നൽകുന്നതിന് ഇബ്രാഹിംകുഞ്ഞിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നിർദേശം ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതും വിജിലൻസിന് മേൽ സമ്മർദം കൂട്ടി. ഈ സാഹചര്യത്തിൽ വിപുലീകരിച്ച അന്വേഷണസംഘത്തെ ഉൾപ്പെടുത്തി ഇബ്രാഹിംകുഞ്ഞിനെതിരായ നിയമനടപടികളിലേക്ക് നീങ്ങാൻ തന്നെയാണ് അന്വേഷണസംഘത്തിന്റെ നീക്കം. യോഗത്തിന് ശേഷം ഉച്ച തിരിഞ്ഞ് സംഘം കൊച്ചിയിലേക്ക് തിരിക്കും. ഉംറ ചടങ്ങുകൾ നിർവഹിക്കാൻ സൗദിയിൽ പോയ ഇബ്രാഹിംകുഞ്ഞ് നാളെയാണ് കൊച്ചിയിൽ മടങ്ങിയെത്തുക.
കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സും സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ്.
പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇത്തരത്തില്‍ വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പക്ക് ഈടാക്കിയിരന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശക്കാണ് കരാറുകാരന് വായ്‍പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്‍റെ 2014 ലെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam