മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിൽ ഇന്നും പരിശോധന തുടരും, കർശന നടപടിക്ക് നിർദേശം

Published : Feb 23, 2023, 07:13 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിൽ ഇന്നും പരിശോധന തുടരും, കർശന നടപടിക്ക് നിർദേശം

Synopsis

പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹാം പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദ്ദശം. ഇന്നലെ കളക്ടറേറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമ‍ർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഓരോ വ്യക്തിയും നൽകിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും. 

പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രാഹാം പറഞ്ഞു. ഓരോ ജില്ലായിലും എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായമനുവദിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. പക്ഷെ, ഓപ്പറേഷൻ സിഎംഡിആ‌എഫിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. 

എറണാകുളം ജില്ലയിൽ സമ്പന്നരായ രണ്ട് വിദേശ മലയാളികൾക്ക് CMDRFൽ നിന്ന് സഹായം കിട്ടി.  എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ ഈ തട്ടിപ്പ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്‍റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകി. കരൾ രോഗിയായ ഒരാൾക്ക് ചികിത്സാ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.

 കരുനാഗപ്പള്ളിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റുകൾ നൽകി പണം വാങ്ങി.   കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്.  പക്ഷെ ഹാജരാക്കിയത് എല്ലുരോഗ വിദഗ്ദൻ നൽകിയ സർട്ടിഫിക്കറ്റ്.  കോട്ടയത്തും ഇടുക്കിയലും ഇയാൾ സർട്ടിഫിക്കറ്റ് ഹാജരാക്കി പണംതട്ടി.  സംസ്ഥാനത്തുനീളം ഡോക്ടർമാരും ഇടനിലക്കാരും ഏജന്റുമാരും അടങ്ങുന്ന വൻ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാൻ പ്രവർത്തിക്കുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ  അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നതാണ് ഒരു രീതി.  അർഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ, ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നൽകിയാണ് പണം തട്ടുന്നത്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്