
തിരുവനന്തപുരം: പമ്പ മണലെടുപ്പിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്താൻ തിരുവനനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. നേരത്തെ അന്വേഷണത്തിന് സർക്കാർ അനുമതി നിഷേധിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടൽ. 2018ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നിക്കം ചെയ്യാൻ നൽകിയ അനുമതിയിൽ അഴിമതിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം.
പൊതുമേഖലാ സ്ഥാപനത്തെ മറയാക്കി സ്വകാര്യ കമ്പനിയായ കേരള ക്ലെയ്സ് ആന്‍റ് സെറാമിക്സിന് മണലെടുപ്പിന് അനുമതിയെന്നായിരുന്നു ആക്ഷേപം. പമ്പയിൽ നിന്ന് മണലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതിനെ വനംവകുപ്പും എതിർത്തിരുന്നു. ഇതോടെ വിവാദം ചൂടുപിടിച്ചു. വിരമിക്കുന്നതിന്‍റെ തലേ ദിവസം മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഡിജിപിയും ഹെലികോപ്റ്ററിൽ പമ്പയിലെത്തി യോഗം ചേർന്നതിന് ശേഷമാണ് മണലെടുപ്പിന് അനുമതി നൽകിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാതി.
എന്നാൽ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നപടിയെന്നും ഇക്കാര്യത്തിൽ അന്വേഷണത്തിന്‍റെ ആവശ്യം ഇല്ലെന്നുമായിരുന്നു സർക്കാർ നിലപാട്. വിജിലൻസ് അന്വേഷണം വേണമെന്ന ചെന്നിലയുടെ ആവശ്യം സർക്കാർ തള്ളുകയും ചെയ്തു. ഇതേതുടർന്നാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കോടതിക്ക് നേരിട്ട് അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ മുൻകൂർ അനുമതി വേണ്ടയെന്നായിരുന്നു ചെന്നിത്തലയുടെ വാദം. ഈ വാദത്തെ സർക്കാർ എതിർത്തെങ്കിലും, എതിർപ്പ് തള്ളിയാണ് അന്വേഷണം നടത്താനുള്ള കോടതി ഉത്തരവ്.
40 ദിവസത്തിനകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. കോടതി ഉത്തരവോടെ സർക്കാരും വിജിലൻസുമാണ് പ്രതിസന്ധിയിലായത്. അന്വേഷണം നടത്തുന്നതിൽ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കുമെന്നാണ് വിജിലന്‍സ് അറിയിക്കുന്നത്. എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam