
കൊച്ചി/ ദുബായ്: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബു നാട്ടിൽ എത്താതെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. നിലവിൽ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയിൽ എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.
നിയമത്തിന്‍റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് കരുതിയിരുന്നത്. അതിന് ടിക്കറ്റുമെടുത്തിരുന്നു. ഇത് കോടതിയിൽ അഭിഭാഷകൻ ഹാജരാക്കുകയും ചെയ്തതാണ്. എന്നാൽ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് ബാബു യാത്ര മാറ്റുകയായിരുന്നു. ഇതിനിടെ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയ യുവ നടിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് എഡിജിപി കോടതിയില്‍ അറിയിച്ചിരുന്നു. പല കാര്യങ്ങളും മറച്ചുവച്ചാണ് വിജയ് ബാബു മുൻ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ബലാത്സംഗം ചെയ്ത നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്നും ഇവരുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് വിജയ് ബാബു ആവശ്യപ്പെട്ടെങ്കിലും ബാക്കി വാദം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഈ സാഹചര്യത്തിൽ വിജയ് ബാബു നാട്ടിലെത്തില്ലെന്ന് ഉറപ്പായിരുന്നു. ഇതിനിടെ ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി വിദേശത്തേക്ക് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിക്കെതിരെ പൊലീസ് നടപടികള്‍ തുടങ്ങി. വൈകാതെ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. വിജയ് ബാബുവിന്‍റെ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നടിയാണ് ക്രെഡിറ്റ് കാർഡുകൾ കൈമാറിയത്.
ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ ദുബായിലേക്ക് ഒളിവിൽ പോയ വിജയ് ബാബുവിനായി രണ്ട് ക്രെഡിറ്റ് കാർഡുകൾ യുവനടിയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിലെ ചിലരുടെ സഹായവും നടിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ദുബായിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു.
Read More: Vijay Babu case : വിജയ് ബാബു കേസ്: ശ്വേതാ മേനോൻ 'അമ്മ' ഐസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam