
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും. എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിനെതിരായ പരാതി.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇപ്പോൾ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.
2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. നടനായി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam