
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പർതാരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തിൽ. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തിൽ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ ഇന്ന് കരുതലോടെയായിരുന്നു ടിവികെ ക്രമീകരണങ്ങൾ. എങ്കിലും വിജയ്‌യുടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവർത്തകർ ഓടിയതോടെ ഇന്നും റോഡ്ഷോ ആയി മാറി. പ്രവർത്തകർ സമ്മാനിച്ച വേൽ ഉയർത്തിയ വിജയ് ആൾക്കൂട്ടത്തെ ഇളക്കിമറിച്ചു. അവസാന 250 മീറ്റർ ദൂരം ഒരു മണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്.
തന്റെ പൊതുയോഗങ്ങൾ തടസ്സപ്പെടുത്താൻ അനാവശ്യ നിബന്ധനകൾ വെക്കുകയാണെന്ന് വിജയ് ആരോപിച്ചു. ആളുകളുടെ ജോലി തടസ്സപ്പെടുത്താതിരിക്കാനും ചിലർക്ക് വിശ്രമം ലഭിക്കാനുമാണ് ശനിയാഴ്ചകളിൽ മാത്രം പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിന്റെ വിദേശയാത്രകളിലും വിജയ് ചോദ്യങ്ങളുന്നയിച്ചു. സംസ്ഥാനത്തിനുള്ള വിദേശ നിക്ഷേപത്തിനായാണോ വിദേശത്ത് കുടുംബത്തിന്റെ നിക്ഷേപത്തിനായാണോ സന്ദർശനങ്ങൾ എന്ന് വിജയ് ചോദിച്ചു. തന്നെ വിരട്ടാൻ നോക്കേണ്ടെന്നും 2026ലെ തെരഞ്ഞെടുപ്പിൽ കാണാമെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന നിങ്ങളാണോ എല്ലാ കുടുംബത്തിലേയും ഒരാളായ ഞാനാണോ ജയിക്കുന്നത് എന്ന് കാണാെമെന്നും വിജയ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam