വിജയദശമി ദിനത്തിൽ കുരുന്നുകൾ അക്ഷരലോകത്തേക്ക്, ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

By Web TeamFirst Published Oct 26, 2020, 6:53 AM IST
Highlights

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ.

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് നടുവിലാണ് ഇക്കുറി കുരുന്നുകൾ ആദ്യക്ഷരം കുറിക്കുക. പൊതുവിടങ്ങളിലെ വിദ്യാരംഭം ഒഴിവാക്കണമെന്നും പരമാവധി വീടുകളിൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.  

നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണം അണുമുക്തമാക്കണം. ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ച സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക് , സാനിറ്റൈസർ എന്നിവ ഉറപ്പാക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭച്ചടങ്ങുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഏറെ കുറവാണ്. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രമേ വിദ്യാരംഭത്തിന് അവസരമുളളൂ. രക്ഷിതാക്കളാകും കുട്ടികളെ എഴുത്തിനിരുത്തുക. 

പതിവിന് വിപരീതമായി ഭാഷാപിതാവിന്‍റെ ജന്മസ്ഥലമായ തുഞ്ചൻപറന്പിൽ വിജയദശമി ദിനത്തിൽ ആൾത്തിരക്കില്ല. ഇത്തവണ ഇവിടെ വിദ്യാരംഭ ചടങ്ങുകൾ ഇല്ല. പൂജയ്ക്ക് വച്ച പുസ്തകങ്ങൾ തിരികെ വാങ്ങാൻ ഏതാനം വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രമാണ് രാവിലെ തുഞ്ചൻപറന്പിൽ എത്തിയത്. 

click me!