തീപിടുത്തതിന് പിന്നാലെ കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റിലെത്തിയത് ദുരൂഹം: എ.വിജയരാഘവൻ

By Web TeamFirst Published Aug 26, 2020, 5:10 PM IST
Highlights

ജർമനിയിൽ 1933ൽ പാർലമെൻ്റിൽ തീയിട്ടവർ തന്നെ പ്രതിഷേധം നടത്തിയ ചരിത്രമുണ്ട്. ഇതിനു ശേഷം ഇങ്ങനെ ഒരു സംഭവം നടക്കുന്നത് കേരളത്തിലാണ്. 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമോചന സമരത്തിൻ്റെ അന്തരീക്ഷമുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും സംയുക്തമായി ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീന‍ർ എ.വിജയരാഘവൻ. സർക്കാർ നടപടികൾ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. എഴുതി തയ്യാറാക്കിയ തിരക്കഥയിലെ ട്വിസ്റ്റും ക്ലൈമാക്സും ഉണ്ടാക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. 

ജർമനിയിൽ 1933ൽ പാർലമെൻ്റിൽ തീയിട്ടവർ തന്നെ പ്രതിഷേധം നടത്തിയ ചരിത്രമുണ്ട്. ഇതിനു ശേഷം ഇങ്ങനെ ഒരു സംഭവം നടക്കുന്നത് കേരളത്തിലാണ്. കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രതിഷേധം നടത്തുക വഴി സംസ്ഥാനത്ത് രോഗം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പാതാളത്തിനും താഴേക്ക് പോകുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. തീപിടുത്തം നടന്ന ഉടൻ ബിജെപി അധ്യക്ഷൻ സെക്രട്ടേറിയറ്റിലെത്തിയത് ദുരൂഹമാണ്. അന്വേഷണ സംഘം ഇതും പരിശോധിക്കണം. പ്രതിപക്ഷം നടത്തുന്ന ഈ നാടകം ശോകമൂകമായി അവസാനിക്കും.

കത്തിയത് വിവാദ ഫയലുകളാണെന്ന് ചുരുങ്ങിയ സമയത്തിൽ പ്രതിപക്ഷം എങ്ങനെയാണ് മനസിലാക്കിയത്. ഇ ഫയലിംഗ് നടപ്പാക്കിയത് കൊണ്ട് എല്ലാ സുരക്ഷിതമാണ്.പ്രോട്ടോക്കോൾ ഓഫീസർ ശ്രമിച്ചാലും കടലാസ് മാറ്റാൻ കഴിയില്ല. 

യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിൽ നിന്നും ജോസ് പക്ഷം വിട്ടു നിന്നത് സ്വാ​ഗതാ‍ർഹമായ കാര്യമാണ്. പുതിയ രാഷ്ട്രീയ നിലപാടിൽ ജോസ് പക്ഷം ആദ്യം അഭിപ്രായം വ്യക്തമാക്കട്ടെ. കെഎം മണി മരിച്ചതോടെ നേരത്തെ നിലനിന്നിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിനെക്കാൾ തപാൽ വോട്ടാണ് അഭികാമ്യമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. 
 

click me!