ജോസഫൈൻ്റെ രാജിയോടെ വിവാദങ്ങൾ തീർന്നുവെന്ന് വിജയരാഘവൻ; അച്ചടക്ക നടപടിയുണ്ടാവില്ല

Published : Jun 25, 2021, 05:14 PM IST
ജോസഫൈൻ്റെ രാജിയോടെ വിവാദങ്ങൾ തീർന്നുവെന്ന് വിജയരാഘവൻ; അച്ചടക്ക നടപടിയുണ്ടാവില്ല

Synopsis

വനിത കമ്മീഷൻ അധ്യക്ഷ ഒരു മാധ്യമപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അനുചിതമായ ചില പരാമർശങ്ങൾ അവരിൽ നിന്നുണ്ടായി.

തിരുവനന്തപുരം: എം.സി.ജോസഫൈനോട് സിപിഎം രാജി ആവശ്യപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പാർട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. സെക്രട്ടേറിയറ്റിൽ എം.സി.ജോസഫൈൻ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ തീർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

വനിത കമ്മീഷൻ അധ്യക്ഷ ഒരു മാധ്യമപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അനുചിതമായ ചില പരാമർശങ്ങൾ അവരിൽ നിന്നുണ്ടായി. ഇതേതുടർന്ന് അവർ പൊതുസമൂഹത്തോട് മാപ്പ് പറയുകയും പാർട്ടിയിൽ ഇതേക്കുറിച്ച് വിശദീകരണം നൽകുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. അവരുടെ രാജി തീരുമാനത്തെ പാർട്ടി അംഗീകരിച്ചു. ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാട് എന്താണ് എന്നതിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല - സിപിഎം സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളെ കണ്ട എ.വിജയരാഘവൻ പറഞ്ഞു. 

ജൂലൈ ഒന്ന് മുതൽ സംസ്ഥാനതലത്തിൽ എല്ലാം വീടുകളിലും നേരിട്ട് പ്രവർത്തകരെ എത്തിച്ച്  സ്ത്രീധനത്തിന് എതിരായും സ്ത്രീശാക്തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്തുവാൻ സിപിഎം പദ്ധതിയിട്ടിരുന്നു. എന്നാൽ ജോസഫൈൻ്റെ പരാമർശം വൻവിവാദമാവുകയും ജനരോഷം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗൃഹസന്ദർശനം തിരിച്ചടിച്ചേക്കും എന്നത് മുൻകൂട്ടി കണ്ടാണ് ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റാൻ സിപിഎം തീരുമാനിച്ചത്. നേരത്തേയും മോശം പെരുമാറ്റത്തിന് ജോസഫൈനെ പാർട്ടി താക്കീത് ചെയ്തിരുന്നുവെന്നതും കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിയെ പ്രേരിപ്പിച്ചു. 

വിജയരാ​ഘവൻ്റെ വാക്കുകൾ - 

വനിതാ കമ്മീഷൻ അധ്യക്ഷ സഖാവ് ജോസഫൈൻ ഒരു മാധ്യമത്തിൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അവ‍ർ സാധാരണയായി സ്ത്രീകൾ​ക്കെതിരായി വരുന്ന അതിക്രമങ്ങളിൽ പരിഹാരം കാണാൻ ഇടപെട്ടു വരുന്ന വ്യക്തിയാണെങ്കിലും അവർ നടത്തിയ പരാമർശം പൊതുസമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തിൽ അവർ തന്നെ തെറ്റു പറ്റിയെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേർന്നപ്പോൾ ആ വിഷയം പരിശോധിക്കുകയും ചെയ്തു. യോ​ഗത്തിൽ പങ്കെടുത്തിരുന്ന സഖാവ് ജോസഫൈൻ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു. അവർക്ക് പറ്റിയ പിശകിൽ ഖേദം പ്രകടിപ്പിച്ച കാര്യം പാർട്ടിയെ അറിയിക്കുകയും ചെയ്തു. ഇതോടൊപ്പം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിസന്നദ്ധതയും അവർ അറിയിച്ചു.  ആ തീരുമാനം പാർട്ടി അം​ഗീകരിക്കുകയും ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ