
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് മാസപ്പടി നൽകിയെന്ന ആദായ നികുതി വകുപ്പ് കണ്ടെത്തലിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. കൊച്ചിയിലെ സിഎം ആർ എൽ കമ്പനി പണം നൽകിയ രാഷ്ടീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. പരാതിയുടെ പകർപ്പ് ഗവർണർക്കും അയച്ചിട്ടുണ്ട്.
മാസപ്പടി വിവാദത്തിൽ വീണ വിജയനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
എന്നാൽ അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, കരിമണൽ കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ സംഭവം അവഗണിക്കാൻ സിപിഎം തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാർട്ടിയിൽ ധാരണയായി. ഇന്ന് ഇത് സംബന്ധിച്ച ചോദ്യം ഉയർന്ന ഉടൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താ സമ്മേളനം നിർത്തി ഇറങ്ങിപ്പോയിയിരുന്നു. കേന്ദ്ര കമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് എം വി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. എകെജി സെന്‍ററിൽ വിളിച്ച വാര്‍ത്താസമ്മേളനം. കേന്ദ്ര സർക്കാരിന് എതിരായ പ്രക്ഷോഭങ്ങളും പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വിശദമായി സംസാരിച്ചു. ചോദ്യം മാസപ്പടിയിലെത്തിയപ്പോൾ എല്ലാം പറഞ്ഞു കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് മൈക്കിന് മുന്നിൽ നിന്ന് പാർട്ടി സെക്രട്ടറി എഴുന്നേറ്റ് പോയി.
വീണ വിജയന്‍റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വരെയുള്ളവര്‍ നിലപാടെടുത്തിരുന്നു. വീണ വിജയന് പ്രതിരോധം തീര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കി. മറ്റ് നേതാക്കളുടെ മക്കൾക്ക് കിട്ടാത്ത പരിഗണനയാണെന്നും വിവാദം അടക്കാൻ പ്രതിപക്ഷവുമായി ധാരണയുണ്ടാക്കിയെന്നുമുള്ള ആക്ഷേപങ്ങൾ സിപിഎം നേതൃത്വത്തിനെതിരെ ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam