കൈക്കൂലിക്കേസിൽ ട്വിസ്റ്റ്; വാങ്ങിയത് മേലുദ്യോ​ഗസ്ഥരുടെ അറിവോടെയെന്ന് സുരേഷ് കുമാർ, ചോദ്യം ചെയ്യാൻ വിജിലൻസ്‌

By Web TeamFirst Published May 27, 2023, 8:44 AM IST
Highlights

നേരത്തെ, കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

പാലക്കാട്: മേലുദ്യോഗസ്ഥരുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലിക്കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. മേലുദ്യോ​ഗസ്ഥർക്കും പങ്ക് നൽകിയിരുന്നു. എന്നാൽ മേലുദ്യോഗസ്ഥരുടെ പേര് സുരേഷ് വെളിപ്പെടുത്തിയില്ല. സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകാനായി പാലക്കയം വില്ലേജ് ഓഫീസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യും.  നേരത്തെ, കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ, ഇയാൾ കൈക്കൂലി വാങ്ങുന്ന ഉദ്യോ​ഗസ്ഥനാണെന്ന് അറിയില്ലായിരുന്നെന്നും നല്ല ഉദ്യോ​ഗസ്ഥനായിരുന്നെന്നും വില്ലേജ് ഓഫിസർ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വില്ലേജ് ഓഫിസർ വ്യക്തമാക്കി. 

ലോഡ്ജ് മുറിയിൽ കണ്ടത്തിയ പണം പൂർണമായി താൻ കൈക്കൂലിയായി വാങ്ങിയതാണെന്നും സുരേഷ് കുമാർ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഏകദേശം ഒരു കോടിയോളം രൂപ കൈക്കൂലിയായി വാങ്ങി ലോഡ്ജിൽ സൂക്ഷിച്ച സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ അദാലത്തിനിടെ 2500രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ കൈയോടെ പിടിയിലായത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് കൈക്കൂലി വാങ്ങിയ പണവും മറ്റ് വസ്തുക്കളും കണ്ടെടുത്തത്. 

കഴിഞ്ഞ ദിവസം വിജിലൻസ് കോടതി സുരേഷ് കുമാറിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു.  3 വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ പാലക്കയം വില്ലേജ് ഓഫീസിൽ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കുമെന്നും ആരോപണമുണ്ടായിരുന്നു.

സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാൾ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. 

കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിലും വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. അതേസമയം, ഇയാൾ പറയുന്നത് അന്വേഷണ ഉദ്യോ​ഗസ്ഥർ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടായേക്കും. 

click me!