
പത്തനംതിട്ട: മകളുടെ പേരിലേക്ക് ഭൂമി പോക്കുവരവ് ചെയ്യാൻ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ്. ഒപ്പം 15,000 രൂപ പിഴയും ഒടുക്കണം. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി ഏഴാം തീയ്യതി നടന്ന സംഭവത്തിലാണ് ഇന്ന് വിധിയുണ്ടായത്.
പത്തനംതിട്ട സ്വദേശിയായ ഒരാൾ നൽകിയ പരാതിയിലാണ് വില്ലേജ് ഓഫീസർ കുടുങ്ങിയത്. പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിന് 1000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ അന്നത്തെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ബേബി ചാൾസും സംഘവും കൈയ്യോടെ പിടികൂടുകയായിരുന്നു. ഈ കേസിലാണ് രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam