തിരുവനന്തപുരം ജനശതാബ്ദിയിൽ സംഘർഷം: പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചതായി പരാതി

By Web TeamFirst Published Dec 19, 2019, 6:22 PM IST
Highlights

തൃശൂരിൽ നിന്ന് രണ്ടു പൊലീസുകാർ പ്രതികളുമായി ട്രെയിനിൽ കയറിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 

തൃശ്ശൂര്‍: ജനശതാബ്ദി ട്രെയിനിൽ ടിടിഇയെ പൊലീസുകാർ മർദിച്ചതായി പരാതി. കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി ട്രെയിൻ ചാലക്കുടിയിൽ എത്തിയപ്പോഴാണ് സംഭവം. തൃശൂരിൽ നിന്ന് രണ്ടു പൊലീസുകാർ പ്രതികളുമായി ട്രെയിനിൽ കയറിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 

പൊലീസുകാർക്കും ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികൾക്കും ജനശതാബ്ദി ട്രെയിനിൽ സ‌ഞ്ചരിക്കാനുളള ടിക്കറ്റ് ഉണ്ടായിരുന്നില്ല. എറണാകുളത്തേക്ക് പോകുന്ന ആംഡ് റിസര്‍വ് ക്യാംപിലെ പൊലീസുകാരായ നിജൻ,റിന്‍റോ എന്നിവരും പ്രതികളായ സുധീർ, അനിൽകുമാർ എന്നിവരും കൂടുതൽ പണമടയ്ക്കണമെന്നും അല്ലെങ്കിൽ ചാലക്കുടി സ്റ്റേഷനിൽ ഇറങ്ങണമെന്നും ടിടി ഇ സതീന്ദ്രകുമാർ മീണ ആവശ്യപ്പെട്ടു. തർക്കം മൂത്തതോടെ പൊലീസുകാർ ടിടി ഇയെ മർദിച്ചെന്നാണ് പരാതി

ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ ടിടിഇ റെയിൽവേ പൊലീസിനെ സമീപിച്ചു. പ്രതികളുമായി വന്ന തങ്ങളെ പോകാൻ അനുവദിക്കണമെന്നും പൊലീസും ആവശ്യപ്പെട്ടു. ഇതിനിടെ ടിടിഇ തങ്ങളെ മർദിച്ചെന്നാരോപിച്ച് പൊലീസുകാരും പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്നത് ചാലക്കുടിയിൽ ആയതിനാൽ പരാതി പിന്നീട് തൃശൂർ റെയിൽവേ പൊലീസിന് കൈമാറി.

click me!