
പത്തനംതിട്ട: ശബരിമല വനമേഖലയിൽ കഴിയുന്ന ആദിവാസികൾക്കിടയിൽ പകർച്ചവ്യാധികൾ പടരുന്നു. കുട്ടികളിൽ ചൊറിയും ചിരങ്ങും വന്ന് വൃണമായിട്ടും ട്രൈബൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു. മലമ്പണ്ടാര വിഭാഗത്തിൽപ്പെടുന്ന ആദിവാസി കുടുംബങ്ങൾ കഴിയുന്ന ളാഹക്കടുത്തെ കോളനിയിലാണ് പകർച്ചവ്യാധികൾ വ്യാപകമാകുന്നത്.
കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചൊറിയും ചിരങ്ങും വന്നിട്ടുണ്ട്. മൂന്ന് മാസമായി അസുഖം പിടിപെട്ടിട്ട്. എന്നാല്‍ ആദിവാസികളുടെ ക്ഷേമം തിരക്കേണ്ട ട്രൈബൽ പ്രമോട്ടർമാരും ഡോക്ടർമാരും ആരും തന്നെ ഇവിടെ വന്നിട്ടില്ലെന്നും കോളനി നിവാസികൾ പറഞ്ഞു. മുമ്പ് പുറത്ത് നിന്നുള്ള മെഡിക്കൽ സംഘം വന്ന് കോളനികളിൽ പരിശോധന നടത്തുമായിരുന്നു. എന്നാൽ ഒരു വിഭാഗം നാട്ടുകാർ ഇതിനെതിരെ രംഗത്തെത്തുകയും മെഡിക്കൽ സംഘത്തിന്റെ സന്ദർശനം തടയുകയുമായിരുന്നു.
പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മേഞ്ഞ കുടിലിൽ നിലത്താണ് കുട്ടികളുൾ ഉൾപ്പടെ അന്തി ഉറങ്ങുന്നത്. രോഗം വരാൻ ഇതും കാരണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആദിവാസി കുടുംബങ്ങൾ വെള്ളത്തിന്‍റെ ലഭ്യത നോക്കി വാസസ്ഥലം ഇടയ്ക്കിടെ മാറുന്നതും ആരോഗ്യ പ്രവർത്തകർക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ട്. മേഖലയിലെ എല്ലാവർക്കുമായി ആരോഗ്യ ക്യാംപ് സംഘടിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പകർച്ച വ്യാധി പടരുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും നടപടി എടുക്കാൻ നിർദേശം നൽകുമെന്നും ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam