പെട്രോള്‍ പമ്പില്‍ തട്ടിപ്പെന്ന വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യമെന്ത്; കണ്ടെത്തലുമായി ഉന്നത സംഘം

By Web TeamFirst Published Jul 9, 2019, 11:27 AM IST
Highlights

പൊലീസിന്‍റെ സാന്നിധ്യത്തില്‍ പമ്പില്‍നിന്ന് നല്‍കിയ പെട്രോള്‍ അളക്കുകയും കൃത്യത ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

കൊച്ചി: കോതമംഗലത്ത് പെട്രോള്‍ പമ്പില്‍ തട്ടിപ്പ് നടത്തുന്നുവെന്ന് ജീവനക്കാരന്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തി. പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് കണ്ടെത്തല്‍. കന്നാസില്‍ പെട്രോള്‍ വാങ്ങാനെത്തിയ യുവാക്കളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അളവില്‍ തെറ്റുണ്ടെന്നും യന്ത്രത്തില്‍ കൃത്രിമം നടത്തുന്നുണ്ടെന്നും ആരോപിച്ച് യുവാക്കള്‍ സംഘര്‍ഷമുണ്ടാക്കി. കൃത്രിമം നടക്കുന്നുണ്ടെന്ന് ജീവനക്കാരന്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. എന്നാല്‍, പൊലീസിന്‍റെ സാന്നിധ്യത്തില്‍ പമ്പില്‍നിന്ന് നല്‍കിയ പെട്രോള്‍ അളക്കുകയും കൃത്യത ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ആസൂത്രിതമാണെന്ന് പമ്പുടമ ആലുവ സ്വദേശിയായ എസ് വിശ്വനാഥന്‍ പറഞ്ഞു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കമ്പനിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിപിസിഎല്‍ ഇരുമ്പനം ടെറിട്ടറി കോ ഓര്‍ഡിനേറ്റര്‍ കെഎന്‍ ജയകുമാര്‍ പറഞ്ഞു.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വിവിധ വകുപ്പ് തലവന്മാര്‍ പെട്രോള്‍ പമ്പില്‍ പരിശോധന നടത്തിയിരുന്നു. എട്ട് നോസിലുകളിലെ മൂന്നെണ്ണത്തില്‍ രേഖപ്പെടുത്തിയ അളവിനേക്കാള്‍ നേരിയ തോതില്‍ വര്‍ധനവിലാണ് ഇന്ധനം നല്‍കുന്നതെന്നും കണ്ടെത്തി. അളവ് കൃത്യമാക്കാന്‍ നിര്‍ദേശം നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. 
 

click me!