കേരളത്തിന്റെ വൈറൽ പൊലീസുകാരി സബൂറ ബീ​ഗം വിവാഹിതയായി, പ്രതിസന്ധികൾ പിന്നിട്ട് 'ഫ്രീ ബേഡ്' ഇനി പ്രദീപിനൊപ്പം

Published : Apr 15, 2026, 03:19 PM IST
Saboora beegum

Synopsis

സമൂഹമാധ്യമങ്ങളിൽ തത്സമയ ചിത്രരചനയിലൂടെ വൈറലായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബൂറ ബീഗം വിവാഹിതയായി. പ്രതിസന്ധികളെ അതിജീവിച്ച് മക്കൾക്കൊപ്പം ജീവിച്ചിരുന്ന സബൂറ, നെടുമങ്ങാട് സ്വദേശിയായ പ്രദീപ് കുമാറിനെയാണ് ജീവിത പങ്കാളിയാക്കിയത്. കലയെ സ്നേഹിക്കുന്ന പ്രദീപിന്റെ പിന്തുണയോടെ ജോലിയും ചിത്രരചനയും ഒരുമിച്ച് കൊണ്ടുപോകാനാണ് സബൂറയുടെ തീരുമാനം.

തിരുവനന്തപുരം: സമൂഹ്യമാധമങ്ങളിൽ വൈറലായ പൊലീസുകാരി സബൂറ ബീഗം വിവാഹിതയായി. തത്സമയ ചിത്രരചനയിലൂടെ ഹൃദയം കവർന്ന പൊലീസ് ഓഫീസറാണ് സബൂറ. നെടുമങ്ങാട് സ്വദേശിയും ശാന്തിനഗർ എസ്.ബി.ഐ. ഹോംലോൺ വിഭാഗം ഉദ്യോഗസ്ഥനുമായ പ്രദീപ് കുമാറിനെയാണ് ജീവിതപങ്കാളിയാക്കിയത്. തിങ്കളാഴ്ച ആര്യനാട് രജിസ്റ്റർ ഓഫീസിൽ ചുരുക്കം ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വർഷങ്ങളായി ഫ്രീബേഡായി പറന്ന് നടന്ന തനിക്ക് പ്രതിസന്ധി ഘട്ടങ്ങളെ പലപ്പോഴും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം ഒരു സമയത്താണ് പുനർവിവാഹം എന്ന ചിന്ത ഉണ്ടായതെന്ന് സബൂറ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് കലയുടെ ലോകത്തേക്ക് പറന്നുയർന്ന സബൂറയുടെ കഥ അതിജീവനത്തിന്‍റേത് കൂടിയാണ്. നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിയായ സബൂറ, ജോലിത്തിരക്കിനിടയിൽ പാതിവഴിയിൽ ഉപേക്ഷിച്ച ചിത്രരചനയെ ജീവിതത്തിലേക്ക് തിരികെ വിളിച്ചതോടെയാണ് ജനശ്രദ്ധനേടിത്തുടങ്ങിയത്. മലപ്പുറം എംസ്പിയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് സബൂറ ബീഗം. ജോലിയിലും യാത്രയിലും കാണുന്നവരെ ചിത്രങ്ങളാക്കി മാറ്റിയായിരുന്നു തുടക്കം. വൈകാതെ തന്നെ ആ വിരലുകളിൽ വിരിഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. മുൻ സംസ്ഥാന പൊലീസ് മേധാവി മുതൽ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർക്ക് സബൂറ തത്സമയം വരച്ച ചിത്രങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ കാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കുന്നത് കാണാൻ തന്നെ ആയിരക്കണക്കിന് ആളുകളാണ് സബൂറയുടെ saboora_artlover എന്ന സമൂഹമാധ്യമ പേജുകളിൽ എത്തുന്നത്.

ഇത്തവണ തൃശൂരിൽ നടന്ന കേരള സ്കൂൾ കലോത്സവ വേദിയിലാണ് സബൂറയെ കേരളം കൂടുതൽ അടുത്തറിഞ്ഞത്. ലഹരി വിരുദ്ധ ക്യാംപെയ്ന്‍റെ ഭാഗമായി കലയാണ് ലഹരി എന്ന വേദിയിൽ വെറും 10-20 മിനിറ്റിനുള്ളിൽ കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ കാരിക്കേച്ചറുകൾ വരച്ച് കാണികളെ വിസ്മയിപ്പിച്ചു. ഇതോടെ കലോത്സവത്തിനെത്തുന്നവരുടെ ചിത്രം വരയ്ക്കുന്നതിനുള്ള ഡ്യൂട്ടിയും സബൂറയ്ക്ക് ലഭിച്ചു. നാല് ദിവസം കൊണ്ട് ഇരുനൂറോളം പേരുടെ ചിത്രമാണ് സബൂറ വരച്ചത്. ജനങ്ങളുമായി നല്ല രീതിയിൽ ഇടപഴകുകയും, പൊലീസിനോടുള്ള പൊതുജനങ്ങളുടെ ഭയം മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥയെന്ന നിലയിൽ ആദരവുകളും സബൂറയെ തേടിയെത്തി.

"ചെറുപ്പം മുതലേ വര ഇഷ്ടമായിരുന്നു. തിരക്കുകൾക്കിടയിൽ മാറ്റി വെച്ചെങ്കിലും ഓരോ ചിത്രങ്ങളും പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സപ്പോർട്ടും വലിയ സന്തോഷം നൽകുന്നെന്നും സബൂറ ബീഗം പറയുന്നു. വിവാഹ മോചനത്തിന് ശേഷം മക്കളായ ആമിന, അൽ അമീൻ എന്നിവർക്കൊപ്പമായിരുന്നു ജീവിതം. ഇതിനിടെയാണ് നാട്ടിൽ നിന്നും പരിചയക്കാരനായ പ്രദീപിന്‍റെ ആലോചനയെത്തുന്നത്. തന്നെയും കുടുംബത്തേയും നന്നായി അറിയാവുന്ന ഒരാൾ എത്തുന്നതിനെ കുറിച്ച് നന്നായി ആലോചിച്ചാണ് തീരുമാനമെടുത്തത്. കലയേയും കലാകാരന്മാരെയും സ്നേഹിക്കുന്നയാളാണ് പ്രദീപെമെന്നതിനാൽ വലിയ സപ്പോർട്ടാണ് ലഭിക്കുന്നത്. രണ്ട് മതത്തിലാണെങ്കിലും ജീവിതത്തിലാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്. അടുത്ത ദിവസം തന്നെ മലപ്പുറത്തേക്ക് മടങ്ങണം.ഡ്യൂട്ടി തുടരണം. ഒപ്പം ചിത്രം വരയുമായി സോഷ്യൽമീഡിയയിൽ തന്നെയുണ്ടാകുമെന്നും സബൂറ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യം ഇലയുണങ്ങും, പിന്നാലെ മരവും, ഈന്ത് മരങ്ങള്‍ വ്യാപകമായി ഉണങ്ങി നശിക്കുന്നു; വൈറസ് ബാധയെന്ന് സംശയം
ശബരിമല യുവതി പ്രവേശന കേസ്; എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌, 'ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല'