
കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോൾ വികാരസാന്ദ്രമായ രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. പിടയുന്ന മനസ്സുമായി
സ്നേഹിച്ചിരുന്നവർ അന്ത്യോപചാരം അർപ്പിക്കുമ്പോൾ കുറ്റബോധമില്ലാത്ത മനസ്സുമായി നടന്ന സംഭവങ്ങൾ എണ്ണിപ്പറയുകയായിരുന്നു ഒരു കാലത്ത് അവൾ സ്നേഹിച്ചിരുന്ന ശ്യാംജിത്ത്. വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
'എനിക്കിപ്പോൾ 25 വയസേയുള്ളൂ, 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39 വയസിൽ ഞാൻ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല,' ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടലില്‍ പ്രതിയോട് ചോദ്യങ്ങള്‍ ചോദിച്ച പൊലീസിനോട് ശ്യാംജിത്ത് പറഞ്ഞതിങ്ങനെ. ഒരു കൂസലുമില്ലാതെ അന്വേഷണ സംഘത്തിന് മുന്നില്‍ ചെയ്ത കൊടും ക്രൂരത യുവാവ് വിശദീകരിച്ചു. വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കാണിച്ച് അയാളെയും കൊല ചെയ്യാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതി. തല അറുത്തെടുക്കാനായി ഓൺലൈൻ വഴി ചെറിയ വുഡ് കട്ടർ പ്രതി വാങ്ങിയിരുന്നു. എന്നാൽ അതിന്റെ ബ്ലേഡ് പ്രവർത്തിക്കാതെ വന്നപ്പോഴാണ് ഇരുമ്പിന്റെ ചെറിയ ഉളി വാങ്ങിയത്. ഇതുകൊണ്ട് കുത്തി എല്ലുകൾ പൊട്ടിച്ച ശേഷം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. എന്നാൽ കഴുത്ത് വേർപെടുത്താൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് പുറത്ത് കടന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി.
തല അറുത്തെടുക്കാൻ വുഡ് കട്ടറും വാങ്ങി; ശ്യാംജിത് കൊല നടത്തിയത് പൈശാചികമായി
കൊലപാതകത്തിന് ശേഷം ബൈക്കിൽ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്ത്, വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവച്ചു. പിന്നീട് വീട്ടിൽ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam