ഇന്ന് വിഷു, കണികണ്ടും കൈ നീട്ടം കൊടുത്തും ആഘോഷം; ഭക്തര്‍ക്ക് പ്രവേശനമില്ലാതെ ക്ഷേത്രങ്ങള്‍

By Web TeamFirst Published Apr 14, 2020, 6:52 AM IST
Highlights
ലോക്ക്ഡൗണ്‍ കാരണം ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇത്തവണ കണി കാണാന്‍ അവസരമില്ല. സാധാരണ വിഷു നാളില്‍ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക
 
കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍. പ്രളയവും വരള്‍ച്ചയും അടക്കം എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയഅധ്യായമാണ് കോവിഡ് കാലത്തെ വിഷു.

എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഉളളതെല്ലാം പെറുക്കിക്കൂട്ടിയായിരുന്നു കണി. പലരും ഇക്കുറി ആഘോഷം വേണ്ടെന്ന് വച്ചു. ദുരിതകാലത്ത് ആവും പോലെ വിഷുവൊരുക്കി മറ്റ് ചിലര്‍. വിഷുവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ക്ക് ഇത് നിരാശയുടെ ഉത്സവം. ആള്‍ത്തിരക്കും ആഘോഷപ്പൊലിമയുമില്ല. വിഷു പുലരിയിലേക്ക് ജാഗ്രതയോടെ കണ്‍തുറന്ന മലയാളിക്ക് കാഴ്ചയുടെ സമ്പന്നതയല്ല, കരുതലിന്റെ സംതൃപ്തിയാണ് ഏറ്റവും വലിയ വിഷുക്കൈനീട്ടം.

ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളിലും വിഷുക്കണി തയ്യാറാക്കി. പുലര്‍ച്ചെ 2.30 ന് ആയിരുന്നു ഗുരുവായൂരപ്പനെ കണി കാണിച്ചത്. ഓട്ടു ഉരുളിയില്‍ ഉണങ്ങല്ലരി, കണിക്കൊന്ന, ഗ്രന്ധങ്ങള്‍, വാല്‍ കണ്ണാടി, സ്വര്‍ണം, പഴങ്ങള്‍ , പുഷ്പങ്ങള്‍ എന്നിവയായിരുന്നു കണി. മുഖ മണ്ഡപത്തിന് സമീപമാണ് കണി ഒരുക്കിയത്. പിന്നീട് വാക ചാര്‍ത്തും പ്രത്യേക പൂജകളും നടന്നു. ലോക്ക്ഡൗണ്‍ കാരണം ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇത്തവണ കണി കാണാന്‍ അവസരമില്ല. സാധാരണ വിഷു നാളില്‍ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക.
 
click me!