
കൊച്ചി: കൊവിഡ് പരിശോധനയ്ക്ക് സാംപിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഭീഷണി ഉണ്ടാകാതിരിക്കാൻ കളമശ്ശേരി മെഡിക്കൽ കോളജ് വികസിപ്പിച്ച സംവിധാനം തമിഴ്നാട്ടിലേക്കും അയച്ചു തുടങ്ങി. വാക്ക് ഇന്‍ സാപിൾ കിയോസ്ക് അഥവാ വിസ്ക് എന്നാണ് ഇതിൻറെ പേര്. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം ക്രമാതീതമായ വർദ്ധിച്ചതോടെ വിസ്ക്കുകൾ എത്തിച്ച് പരിശോധന വ്യാപകമാക്കാനാണ് ആലോചന.
കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകളുടെ സാംപിൾ ശേഖരിക്കുമ്പോൾ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്ക് വിസകിപ്പിച്ചത്. ഈ കിയോസ്ക്കുകളിൽ സാംപിൾ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലമുണ്ട്. കുറഞ്ഞ സമയം കൊണ്ട് സാംപിൾ ശേഖരിക്കുകയും ചെയ്യാം.
മലിനീകരണ നിയന്ത്രണ ബോർഡ് അംഗം ടികെ ഷാജഹാൻ്റെ നേതൃത്വത്തിലാണിവ ആദ്യം നിർമ്മിച്ചത്. ഇതറിഞ്ഞ തമിഴ്നാട്ടിലെ മൂന്നു ജില്ലാ കളക്ടർമാരും തേനി എംപി രവീന്ദ്ര കുമാറും കിയോസ്ക്കുകൾ നിർമ്മിച്ചു നൽകണമെന്നാവശ്യമുന്നയിച്ചു. ഇതനുസരിച്ച് പതിനെട്ട് കിയോസ്ക്കുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിച്ച് തമിഴ്നാട്ടിലേക്ക് അയച്ചത്. തിരുവണ്ണാമലൈ, തേനി, വെല്ലൂർ എന്നീ ജില്ലകളിലെ ആശുപത്രകളിലായിരിക്കും ഇവ സ്ഥാപിക്കുക.
മുപ്പത്തി അയ്യായിരം രൂപയോളമാണ് ഒരെണ്ണത്തിൻറെ നിർമ്മാണ ചെലവ്. കടകൾ തുറക്കാത്തതിനാൽ സാധനങ്ങൾ കിട്ടാനില്ലാത്തത് നിർമ്മാണത്തെ ബാധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കിയോസ്ക് വേണമെന്നാവശ്യപ്പെട്ട് വിളികളെത്തുന്നുണ്ട്. ഇവർക്ക് രൂപരേഖയും നിർമ്മാണ രീതിയും അയച്ചു നൽകുന്നുണ്ട്. ഗ്ലൗസുകളുടെ അണു നശീകരണത്തിന് ഓട്ടോമാറ്റിക് സംവിധാനമുൾപ്പെടെയുളളവ വികസിപ്പിക്കാനുളള ശ്രമത്തിലാണ് ഇപ്പോൾ ഷാജഹാനും സംഘവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam