വിസ്മയ കേസ്: മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നതായി ഐജി ഹർഷിത അത്തല്ലൂരി

By Web TeamFirst Published May 23, 2022, 11:17 AM IST
Highlights

അന്വേഷണ ഉദ്യോഗസ്ഥ എന്ന നിലയിലു വ്യക്തി എന്ന നിലയിലും കേസിൽ ഇടപെട്ടു; കിരണിന് പ്രതീക്ഷിക്കുന്നത് പരമാവധി ശിക്ഷയെന്നും അത്തല്ലൂരി

തിരുവനന്തപുരം: ഓഫീസർ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഇടപെട്ട കേസാണ് വിസ്മയയുടെത് എന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ഹർഷിക അത്തല്ലൂരി. വിസ്മയക്കുണ്ടായ ദുരന്തം ഏറെ വേദനിപ്പിച്ചു. വിസ്മയയെ പോലെ നിരവധി പേരുണ്ട്. അതുകൊണ്ട് ഈ കേസിലെ വിധിയെ ഉറ്റുനോക്കുകയാണ്. പ്രതി കുറ്റക്കാരനാണെന്ന കോടതി വിധി പ്രതീക്ഷ നൽകുന്നതാണ്. മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐജി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതി കിരൺ മാതൃകാപരമായി പെരുമാറേണ്ട സർക്കാർ ഉദ്യോഗസ്ഥനാണ് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നുവെന്ന് ഹർഷിത അത്തല്ലൂരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടറും മികച്ച പ്രവർത്തനമാണ് നടത്തിയത്. ഡിവൈഎസ്‍പി രാജ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ തെളിവുകളും ശേഖരിച്ചു. ലഭ്യമായ മൊഴികളെല്ലാം എടുത്തു. ഡിജിറ്റൽ തെളിവുകൾ, പ്രതി വിസ്മയയുമായി നടത്തിയ ഫോൺ സംഭാഷണം, ചാറ്റുകൾ എന്നിവയെല്ലാം തെളിവുകളായി ശേഖരിച്ചു. 79 ദിവസത്തിനകം കേസിൽ ചാർജ്ഷീറ്റ് നൽകാനായി എന്നും ഐജി പറഞ്ഞു. 

കിരൺ മാത്രമാണ് കേസിൽ പ്രതിയായിട്ടുള്ളത്. കിരണിന്റെ മാതാപിതാക്കളെയും സഹോദരി ഭർത്താവിനെയും പ്രതി ചേർക്കണമെന്ന് വിസ്മയയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല എന്നും അതിനാലാണ് അവരെ പ്രതി ചേർക്കാതിരുന്നതെന്നും ഹർഷിത അത്തല്ലൂരി വിശദീകരിച്ചു. എന്നാൽ കിരണിന്റെ മാതാപിതാക്കൾക്ക് ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാകില്ലെന്ന് ഐജി വ്യക്തമാക്കി. 
 

click me!