Latest Videos

വിസ്മയ കേസ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ ഹൈക്കോടതിയിൽ

By Web TeamFirst Published Jul 8, 2021, 4:47 PM IST
Highlights

സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ വാദം. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 

കൊച്ചി: വിസ്മയ കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിയുടെ വാദം. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി. കിരണിനെ ശാസ്താംനടയിലെ വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ചോദ്യങ്ങളോടെല്ലാം നിർവികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. മദ്യപിച്ചാൽ കിരൺ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച് പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടിയിട്ടുണ്ട്. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 

വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല. അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കിരൺ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി കർശന നിർദ്ദേശം നൽകിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!