
തിരുവനന്തപുരം: മധുര - ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന അവകാശവാദ തർക്കങ്ങളിൽ പ്രതികരണവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. വിസ്റ്റാഡോം കോച്ച് കേരളത്തിൽ എത്തിക്കാൻ വർഷങ്ങൾ നീണ്ട ഇടപെടലാണ് താൻ നടത്തിയതെന്നും, ലോക്സഭാംഗമായ കാലം മുതൽ നടത്തിയ ശ്രമങ്ങളുടെ ഫലമാണിതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പലരും ഇതിൽ ഇടപെട്ടിട്ടുണ്ടാകാമെങ്കിലും, അവകാശവാദങ്ങളെക്കുറിച്ചുള്ള ഒരു തർക്കത്തിനും താനില്ലെന്നും വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നടത്തിയ നിർണായകമായ ഇടപെടലുകളാണ് വിസ്റ്റാഡോം കോച്ച് ലഭിക്കാൻ കാരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം, കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശമുന്നയിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിവേദനം നൽകിയാൽ മാത്രം പോരെന്നും ഫോളോ അപ്പ് വേണമെന്നും, അതാണ് ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനമെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ് അബ്ദുള്ള ആസാദിന്റെ പരിഹാസം. വിസ്റ്റാഡോം കോച്ച് അനുവദിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് കാണിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഇടപെടലാണ് വിസ്റ്റാഡോം കോച്ച് യാഥാർത്ഥ്യമാകാൻ കാരണമെന്ന അവകാശവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam