വിഴിഞ്ഞം നിർമാണം തുടരും,സമരത്തിന് ക്രിമിനൽ സ്വഭാവം,മത സ്പർധക്ക് ശ്രമം,കോടതിവിധിക്ക് ശേഷം തുടർ നടപടി-മന്ത്രി

By Web TeamFirst Published Nov 28, 2022, 10:24 AM IST
Highlights

നിർമാണ പ്രവർത്തനം തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്ത സമരസമിതി അതെല്ലാം ലംഘിച്ച ശേഷം അവർ നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി ചോദിച്ചു

 

കോഴിക്കോട് : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ ആകില്ല. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

 

സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറി. മത സ്പർധ വളർത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തിൽ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി. മത സ്പർധ വളർത്തുന്ന ഇത്തരം സംഭവങ്ങൾ അംഗീകരിക്കില്ല. എന്നാൽ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സർക്കാരിനെതിരെ നടത്തുന്ന സമരം ആയതിനാൽ അടിച്ചമർത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ല. ഇന്ന്കലക്ടറും പൊലീസ് കമ്മിഷണറും ചേർന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട് . അദാനിയുടെ ഹർജി ഇന്ന് കോടതിയിലുണ്ട്. അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

നിർമാണ പ്രവർത്തനം തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്ത സമരസമിതി അതെല്ലാം ലംഘിച്ച ശേഷം അവർ നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി ചോദിച്ചു

സമരത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന ചോദ്യത്തിന് ചില റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ രഹസ്യ ഏർപ്പാടുകൾ ഒന്നുമില്ല. നിരന്തര ചർച്ച നടത്തുന്നുണ്ട്. 

സമരക്കാരുടെ 7ൽ അഞ്ച് ആവശ്യങ്ങൾ അംഗീകരിച്ചു. പുതിയ ആവശ്യങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നു. പിന്നീട് ചർച്ചക്ക് എത്തുന്നില്ല. സർക്കാർ
ക്ഷമയുടെ നെല്ലിപ്പടി കണ്ടു.മണ്ണെണ്ണ സൌജന്യമായി നൽകണമെന്നതാണ് മറ്റൊരു ആവശ്യം. എന്നാൽ അത് അത് കേന്ദ്ര സർക്കാരാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു

click me!