
തിരുവനന്തപുരം: വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയും മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയാണോ എന്നതിൽ പ്രാഥമികമായ വ്യക്തത വരും. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്.
മരിച്ചവർ ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച രണ്ട് തിരുവനന്തപുരം സ്വദേശികൾ കൂടി ചികിത്സ തേടിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല എന്നത് ആശ്വാസകരമാണ്. ഇതോടെ ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.
ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത കണവ, മീൻ മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവിടും.അതേസമയം, മരിച്ചവരുടെ ആന്തരിക അവയവങ്ങളുടെ പത്തോളജി റിപ്പോർട്ട് വന്നാൽ മാത്രമേ അലർജി മൂലമാണോ അതോ വിഷാംശം ഉള്ളിൽ ചെന്നാണോ മരണം സംഭവിച്ചതെന്ന് ഉറപ്പിക്കാൻ കഴിയൂ. അതിനിടെവിഴിഞ്ഞം മേഖലയിലെ ഹോട്ടലുകളിൽ വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമായ പരിശോധനകൾ നടത്തും.
മരിച്ചവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണൻ വിവരിച്ചതനുസരിച്ച്, ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ഉടൻ തന്നെ റഷീദാ ബീവിക്ക് നെഞ്ചുവേദനയും നാവ് കുഴയുന്ന അവസ്ഥയും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ഷാജിക്കും അസ്വസ്ഥതകൾ തുടങ്ങുകയായിരുന്നു. ഷാജിയുടെ ഭാര്യ സജീന ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam