
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണം 2028ൽ പൂർത്തീകരിക്കുമെന്നും അടുത്ത ഘട്ടങ്ങളുടെ നിർമ്മാണോദ്ഘാടനം ജനുവരി 24ന് വൈകീട്ട് 4ന് മുഖ്യമന്ത്രി നിർവ്വഹിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ട വികസനപ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യ കരാർ പ്രകാരം 2045ൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പുതുക്കിയ കരാർ പ്രകാരം 2028ൽ പദ്ധതി പൂർണ്ണത കൈവരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. 2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്ത് എത്തി. ലോകത്തിലെ കൂറ്റൻ മദർഷിപ്പുകൾക്ക് തുറമുഖത്ത് എത്തിച്ചേരാൻ കഴിഞ്ഞത് അഭിമാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
മുമ്പ് നിശ്ചയിച്ച ലക്ഷ്യത്തിന് അപ്പുറത്തേക്ക് പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്. കണ്ടെയ്നറുകളുടെ കരമാർഗമുള്ള നീക്കത്തിനായി അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും 24ന് നടക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. സാമ്പത്തിക, കാർഷിക, തൊഴിൽ മേഖലകളിൽ വൻ പുരോഗതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച എല്ലാ ആശങ്കകൾക്കും പരിഹാരം ഉണ്ടാകും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ഒരിക്കലും തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തിട്ടുള്ളത്. ഇത് ഒരു രാഷ്ട്രീയ പ്രശ്നമായി കാണാതെ നാടിന്റെ വികസനമായി കാണണം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇതുവരെ 116 കോടി രൂപ കൈമാറാൻ കഴിഞ്ഞു. കുടിവെള്ള പ്രശ്നം പരിഹരിച്ചു. വിഴിഞ്ഞം പ്രദേശത്തെ സ്കൂളുകളുടെ വികസനം സാധ്യമാക്കി. കരമടി തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടി മുഖ്യരക്ഷാധികാരിയായും മന്ത്രിമാരായ ജി.ആർ അനിൽ, സജി ചെറിയാൻ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി വി.എൻ വാസവനാണ് ചെയർമാൻ. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി.കെ മുരളി, വി.ജോയ്, എം.വിൻസെന്റ് എന്നിവരാണ് വൈസ് ചെയർമാൻമാർ. തുറമുഖം സെക്രട്ടറി എ. കൗശിഗൻ ആണ് കൺവീനർ. എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ റഹീം, ജോൺ ബ്രിട്ടാസ്, എംഎൽഎമാരായ വി.കെ പ്രശാന്ത്, ജി.സ്റ്റീഫൻ, എ.കെ ശശീന്ദ്രൻ, ഐ.ബി സതീഷ്, കെ.ആൻസലൻ, വി.ശശി, ഒ.എസ് അംബിക, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ്.അയ്യർ, എ.വി.പി.പി.എൽ സിഇഒ പ്രദീപ് ജയരാമൻ, മാങ്കോട് രാധാകൃഷ്ണൻ, ശക്തൻ നാടാർ, കരമന ജയൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
എംഎൽഎമാരായ എം.വിൻസെന്റ്, വി.ജോയ്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, പോർട്ട് സെക്രട്ടറി എ കൗശിഗൻ, എവിപിപിഎൽ സിഇഒ പ്രദീപ് ജയരാമൻ, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ എം.ഡി ദിവ്യ എസ് അയ്യർ, സാമുദായിക സംഘടനകളുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam