വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളിൽ രണ്ട് പേരിൽ നോറോ വൈറസ്; കൂടുതൽ പേർ ചികിത്സ തേടി

Published : Jun 05, 2022, 12:32 PM ISTUpdated : Jun 05, 2022, 12:42 PM IST
വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളിൽ രണ്ട് പേരിൽ നോറോ വൈറസ്; കൂടുതൽ പേർ ചികിത്സ തേടി

Synopsis

ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വിഭാഗം അറിയിച്ചു. ഇന്ന് അഞ്ച് കുട്ടികൾ കൂടി തലവേദനയ്ക്ക് ചികിത്സ തേടിയെത്തി

തിരുവനന്തപുരം:ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്കൂളിലെ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി.  വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണിത്. അതേസമയം കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ.  വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും. സ്കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുൻപായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.  ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് ഇത് വരിക.  പകർച്ചാ ശേഷിയും കൂടുതലാണ്.  അങ്ങനെയെങ്കിൽ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തൽ പ്രധാനമാണ്. 

വിഴിഞ്ഞത്ത് ഇന്ന് 5 കുട്ടികൾ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി.  ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്നുള്ള പ്രശ്നമല്ലെന്നാണ് സർക്കാർ പറയുന്നത്. ഈ സ്കൂളുകൾക്ക് പുറമെ  കൊട്ടാരക്കര അംഗൻവാടിയിലും കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ഇതുവരെ വകുപ്പുകൾക്കായിട്ടില്ല.  ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഇന്ന് ലാബ് അവധിയായതിനാൽ നാളെയോ മറ്റന്നാളോ ഫലം കിട്ടും. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു. മാർച്ചിൽ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാർ പറഞ്ഞത്.

കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാന സംഭവം ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് ഭക്ഷ്യ - വിദ്യാഭ്യാസ മന്ത്രിമാർ ചർച്ച നടത്തുന്നത്.  പൊതുവായ മാർഗനിർദേശം ഇന്ന് വന്നേക്കും. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം