'തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ നൽകിയില്ല'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

By Web TeamFirst Published Dec 7, 2022, 3:06 AM IST
Highlights

തുറമുഖ നിർമ്മാണത്തിന്  പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതി അറിയിച്ചിരുന്നു.

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി  ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന്  പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷം ഉണ്ടാക്കി എന്നും കേന്ദ്രസേനയുടെ സംരക്ഷണം ഇല്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്നും ഹർജിക്കാർ കോടതി അറിയിച്ചിരുന്നു.

തുറമുഖ പ്രദേശമടങ്ങുന്ന അതീവ സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി  കേന്ദ്ര  സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. നിർമ്മാണ പ്രദേശത്തിനകത്ത്  കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നതിൽ എതിർപ്പില്ലെന്നു സംസ്ഥാന സർക്കാരും  അറിയിച്ചിട്ടുണ്ട്. എന്നാൽ സമരം ഒത്തുതീർപ്പ് ആയ സാഹചര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ സ്വീകരിക്കുന്ന നിലപാടും  നിർണ്ണായകമാകും. അതേസമയം  വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ അടക്കം ആക്രമിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ഹർജിക്കാർ  അറിയിച്ചത്. നിർമ്മാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്നു സമരക്കാർ കോടതിയിൽ  നൽകിയ ഉറപ്പു ലംഘിചെന്നും ഹർജിക്കാർ കുറ്റപ്പെടുത്തിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സമരസമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 140 ദിവസം പിന്നിട്ട വിഴിഞ്ഞം സമരം അവസാനിച്ചത്. തീരശോഷണം മൂലം വീട് നഷ്ടപ്പെടുന്നവർക്കുള്ള ഫ്ലാറ്റുകളുടെ നിർമ്മാണം ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. തുറമുഖ നിർമ്മാണം നിർത്തിവെക്കണം എന്നതടക്കമുള്ള തർക്ക വിഷയങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിലും ലത്തീൻ സഭ വിട്ടുവീഴ്ച ചെയ്തതാണ് സമരം തീരാൻ കാരണം .

തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്നും സമരസമിതി പിന്നോട്ട് പോയി. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. പകരം വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച ചെയ്യും. സമരസമിതി തന്നെ സ്വന്തം നിലക്ക് വിദഗ്ധസമിതിയെയും വെക്കും. പുനരധിവാസത്തിലാണ് പ്രധാന സമവായം. വീട് നഷ്ടപ്പെടുന്നവർക്ക് ഒന്നര വ‌ർഷത്തിനുള്ളിൽ പകരം ഫ്ലാറ്റ് നിർമ്മിച്ച് നൽകും. അത് വരെ പ്രതിമാസം വീട്ടുവാടക 5500 രൂപ നൽകും. അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും 2500 രൂപ കൂടി നൽകാമെന്ന സർക്കാർ വാഗ്ദാനം സമരസമിതി നിരസിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതി വിലയിരുത്തും. കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോകാൻ ആകാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകും.

Read Also: അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ; വിഴിഞ്ഞം വേദിയായത് കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക്

click me!