അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ; വിഴിഞ്ഞം വേദിയായത് കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക്

By Web TeamFirst Published Dec 7, 2022, 2:49 AM IST
Highlights

തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത് ജുലൈ 20നാണ്. അധികം പൊതുജനശ്രദ്ധ കിട്ടാതിരുന്ന സമരം പൊടുന്നനെ വാർത്തകളിൽ നിറഞ്ഞത് ആഗസ്റ്റ് 10ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നഗരത്തിലിറങ്ങിയതോടെയാണ്. 

തിരുവനന്തപുരം: കേരളത്തിന്റെ തീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് വിഴിഞ്ഞത്ത് സമവായം തെളിഞ്ഞത്. കടലിൽ വള്ളം കത്തിച്ചും, തുറമുഖം സമരവേദിയാക്കിയും അസാധാരണമായ പോർമുഖമാണ് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് തീർത്തത്. തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത് ജുലൈ 20നാണ്. അധികം പൊതുജനശ്രദ്ധ കിട്ടാതിരുന്ന സമരം പൊടുന്നനെ വാർത്തകളിൽ നിറഞ്ഞത് ആഗസ്റ്റ് 10ന് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നഗരത്തിലിറങ്ങിയതോടെയാണ്. 

ഓഗസ്റ്റ് 16നാണ് മുല്ലൂർ തുറമുഖ കവാടത്തിൽ സമരം തുടങ്ങിയത്. പിന്നെയുണ്ടായത് അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ.  സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പദ്ധതിപ്രദേശം മത്സ്യത്തൊഴിലാളികൾ കയ്യടക്കി. ഓ​ഗസ്റ്റ് 22ന് ആദ്യ കടൽ സമരം നടന്നു. തിരുവനന്തപുരത്തിന്റെ തീരത്ത് നിന്നെത്തിയ നൂറുകണക്കിന് വള്ളങ്ങളാണ് അദാനി തുറമുഖം വളഞ്ഞത്.
 
മന്ത്രിസഭാ ഉപസമിതി പലവട്ടം സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിന്റെ സൂചന പോലും തെളിഞ്ഞില്ല. ഇതിനിടെ സമരത്തിന് എതിരായ പ്രാദേശിക കൂട്ടായ്മയും ശക്തിപ്രാപിച്ചു. സമരത്തിന്റെ നൂറാം ദിനം, ഒക്ടോബർ ഏഴിന് വള്ളം കത്തിച്ചായിരുന്നു മത്സ്യത്തൊഴിലാളികൾ
പ്രതിഷേധം അറിയിച്ചത്. കാര്യങ്ങൾ കൈവിട്ട് പോയത് നവംബർ 26നാണ്. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള  ശ്രമത്തെ തീരവാസികൾ തടഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും  ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.  പിറ്റേന്ന്  ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ളവർക്കെതിരെ
പൊലീസ് കേസെടുത്തു. അന്ന് വൈകീട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണവും സംഘർഷവും ഉണ്ടായി. 

ഒടുവിൽ കർദ്ദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ മധ്യസ്ഥതയിൽ നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ് സമരം സമവായത്തിലേക്ക് എത്തിച്ചത്. ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊന്നും നേടിയെടുക്കാനായില്ലെങ്കിലും, പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതാണ് വിജയമായി സമരസമിതി കാണുന്നത്. തീരശോഷണത്തിലെ വിദ്ഗധ സമിതിയുടെ കണ്ടെത്തലുകളാവും ഇനി നിർണായകം. ഉറപ്പുകൾ ലംഘിച്ചാൽ അടുത്ത ഘട്ടമെന്ന നിലയിൽ വീണ്ടും സമരത്തിനുള്ള സാധ്യതയും ബാക്കിയാണ്.

Read Also: വിഴിഞ്ഞം സമരം; സമവായമുണ്ടായതില്‍ സന്തോഷം, തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ആലഞ്ചേരി

click me!