വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെട്ടിട്ട് ഒരു മാസം, പിന്നോട്ടില്ലെന്ന് ഇടവകയുടെ നേതൃത്വത്തിലുളള സമരസമിതി

By Web TeamFirst Published Oct 30, 2020, 6:31 AM IST
Highlights

സമരത്തിൽ നിന്നും പിന്നോട്ടു പോകില്ലെന്ന നിലപാടിലാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുളള സമരസമിതി. 18 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് സമരം തുടങ്ങിയത്

തിരുവനന്തപുരം: പ്രദേശവാസികളുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസ്സപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം. സർക്കാർ തലത്തിൽ പലവട്ടം ചർച്ച നടത്തിയി‍ട്ടും സമരത്തിൽ നിന്നും പിന്നോട്ടു പോകില്ലെന്ന നിലപാടിലാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുളള സമരസമിതി. 18 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് സമരം തുടങ്ങിയത്. 

പ്രദേശവാസികൾക്കും തുറമുഖത്ത് ജോലി നൽകുക, പുലിമുട്ട് നിർമ്മാണം മൂലമുളള പ്രശ്നങ്ങൾ പരിഹരിക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക, കുടിവെളള പ്രശ്നം പരിഹരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞദിവസം തുറമുഖ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കുടിവെളള പദ്ധതി, ഗംഗയാർ തോട് നവീകരണം, മണ്ണെണ്ണ വിതരണം എന്നീ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറക്കി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. എന്നാൽ എല്ലാ ആവശ്യവും നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് കിട്ടാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്നതിനൊപ്പം സമയബന്ധിതമായി പൂർത്തിയാക്കാനും നടപടി വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

നിർമ്മാണജോലികൾ മുടങ്ങിയതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തികരിക്കുന്നത് വീണ്ടും നീളുകയാണ്. പുലിമുട്ട് നിർമ്മാണവും ,ഗേറ്റ് കോംപ്ലക്സിന്റേയും സബ് സ്റ്റേഷൻ കോംപ്ലക്സിന്റേയും നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. കോടികളുടെ നഷ്ടമാണ് ഇതുമൂലം അദാനി കന്പനിയ്ക്ക് ഉണ്ടായത്.

click me!