ശിവശങ്കറും ബിനീഷും; ഇ ഡിയുടെ ഇരട്ടപ്രഹരത്തിനിടെ ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയോഗം

By Web TeamFirst Published Oct 30, 2020, 12:38 AM IST
Highlights

ഇരുവരുടെയും അറസ്റ്റ് ഇരട്ടപ്രഹരമാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം ഉറച്ചു നില്‍ക്കുകയാണ്

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് യോഗം ചേരുന്നത്. പശ്ചിമബംഗാളിൽ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഉണ്ടായേക്കും. പിബി തയ്യാറാക്കിയ ശുപാര്‍ശയിൽ സഖ്യം വേണം എന്ന നിലപാട് സ്വീകരിച്ചിരുന്നു.

കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷിന്‍റെ അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിന്‍റെ പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിന് പ്രസക്തിയേറും. കേരളത്തിലെ സംഭവവികാസങ്ങളില്‍ സിസിയിൽ ഗൗരവമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശദമായ ചര്‍ച്ച ഉണ്ടാകില്ലെന്നാണ് നേതാക്കൾ പറയുന്നതെങ്കിലും, പാര്‍ടി സെക്രട്ടറിയുടെ മകൻ കൂടി അറസ്റ്റിലായ സാഹചര്യത്തിൽ ചര്‍ച്ചകൾ നടക്കാൻ തന്നെയാണ് സാധ്യത.

ഇരുവരുടെയും അറസ്റ്റ് ഇരട്ടപ്രഹരമാകുമ്പോഴും മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടിൽ സിപിഎം കേന്ദ്രനേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. അന്വേഷണത്തിലൂടെ വസ്തുതകൾ വരട്ടെയന്നും പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞിരുന്നു. സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെ എന്ന നിലപാടും യെച്ചൂരി ആവർത്തിച്ചിരുന്നു.

ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ എൻഫോഴ്സ്മെന്‍റ് കേസും തുടര്‍ നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് യെച്ചൂരി വിശദീകരിച്ചിരുന്നു. കേസിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണൻ തന്നെ ഇതിനകം വിശദീകരിച്ചിട്ടുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തിരുന്നു.

click me!