വിഴിഞ്ഞം തുറമുഖ സമരം 15ാംദിനം, സമരക്കാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ചക്ക് സാധ്യത

Published : Aug 30, 2022, 06:43 AM IST
വിഴിഞ്ഞം തുറമുഖ സമരം 15ാംദിനം, സമരക്കാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ചക്ക് സാധ്യത

Synopsis

അരയതുരുത്തി, ചമ്പാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം. അരയതുരുത്തി, ചമ്പാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. സമരക്കാരുമായി ഇന്ന് മന്ത്രിതല ചർച്ചയും നടന്നേക്കും. ഇന്നലെ ഹൈക്കോടതി പരാമർശത്തിന് പിന്നാലെ വൈദികരുടെ നേതൃത്വത്തിൽ തുറമുഖ ഗേറ്റിന് സമീപം നിരാഹാരസമരം ആരംഭിച്ചിരുന്നു. പിന്നാലെ സമരക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ജില്ലാ കളക്ടറും കമ്മീഷണറും എത്തി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സംഘർഷം ഒഴിഞ്ഞത്. സമരക്കാരുടെ പരാതിക്ക് ഇടയാക്കിയ ഡിസിപി അജിത്കുമാർ, കണ്ട്രോൾ റൂം എ സി പ്രതാപ് നായർ, എ സിയുടെ ഡ്രൈവർ എന്നിവരെ സമരവേദിയിൽ ഡ്യുട്ടിക്ക് ഇടില്ലെന്ന് ഉറപ്പ് നൽകിയതോടെ നിരാഹാര സമരവും അവസാനിപ്പിച്ചിരുന്നു

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി 

മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി. തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും കോടതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം. മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്ന് നിർദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും അറിയിച്ചു. 

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ