മുതലപ്പൊഴിയിലെ അപകടം; വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തൽ പൊളിക്കും

By Web TeamFirst Published Sep 6, 2022, 11:27 PM IST
Highlights

ചെറിയ ക്രെയിൻ ഉപയോഗിച്ച് വല പൊക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ ക്രെയിന്‍ കൊണ്ടുപോകുന്നത്. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് വലിയ ക്രെയിൻ മുതലപ്പൊഴിയിലേക്ക് എത്തിക്കാനായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തല്‍ പൊളിക്കും. ചെറിയ ക്രെയിൻ ഉപയോഗിച്ച് വല പൊക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വലിയ ക്രെയിന്‍ കൊണ്ടുപോകുന്നത്.  ഇതിനെ തുടർന്നാണ് വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് വലിയ ക്രെയിൻ എത്തിക്കുന്നത് . ക്രെയിൻ കൊണ്ടുപോകുന്നതിനായി പന്തൽ പൊളിക്കാൻ ലത്തീൻ അതിരൂപത സന്നദ്ധത അറിയിക്കുകയായിരുന്നു. 

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ഇനിയും കണ്ടെത്താനായിരുന്നില്ല. ഇവര്‍ക്കായി നേവിയുടെ  പുതിയ സംഘം സ്ഥലത്തെത്തി. പുലിമുട്ടിൽ കുരുങ്ങി കിടക്കുന്ന വല അറുത്തുമാറ്റി തുടങ്ങി. അപകടത്തിൽപ്പെട്ട സഫാ മർവ ബോട്ടിന്‍റെ ഉടമ കാഹാറിന്‍റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. ബോട്ട് മറിഞ്ഞ സ്ഥലത്തു തന്നെ ഇവർ വലയിൽ കുരുങ്ങിയിട്ടുണ്ടാകാം എന്നാണ് സംശയം. 

പുലർച്ചെ തെരച്ചിൽ തുടങ്ങിയെങ്കിലും കടൽ പ്രക്ഷുബ്ദമായതും കനത്ത മഴയുമാണ് പ്രതിസന്ധിയായത്. കൊച്ചിയിൽ നിന്ന് നാവിക സേനയുടെ ഹെലികോപ്റ്ററെത്തി മുങ്ങൽ വിദഗ്ധൻ കടലിലേക്ക് ഇറങ്ങി തെരഞ്ഞിട്ടും ഫലമുണ്ടായില്ല. വടം കെട്ടി കോസ്റ്റ്ഗാർഡ് ബോട്ടും മത്സ്യതൊളിലാളി ബോട്ടുകളും തെരച്ചിൽ തുടരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ അലംഭാവമുണ്ടായെന്ന് ആരോപിച്ച് പെരുമാതുറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. പെരുമാതുറ ജംഗ്ഷനിൽ റോഡ് വടം കെട്ടി തടഞ്ഞു. ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ കാർ കടത്തിവിട്ടില്ല. സബ് കളക്ടര്‍ക്ക് എതിരെയും പ്രതിഷേധമുണ്ടായി. ഇന്നലെ ഉച്ചയോടെയാണ് 23 പേരുണ്ടായിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ മരിച്ചു.

click me!