പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടം, ലിസ്റ്റ് കാണിച്ച് മന്ത്രി; 'ഗവർണർക്ക് പോലും പ്രസംഗിക്കാൻ അനുമതിയില്ല'

Published : May 02, 2025, 08:42 AM ISTUpdated : May 02, 2025, 08:49 AM IST
പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടം, ലിസ്റ്റ് കാണിച്ച് മന്ത്രി; 'ഗവർണർക്ക് പോലും പ്രസംഗിക്കാൻ അനുമതിയില്ല'

Synopsis

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഉണ്ടെന്നും ഒമ്പതാമതായി വിഡി സതീശനെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് കേന്ദ്രം നൽകിയതെന്നും മന്ത്രി വിഎൻ വാസവൻ. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ്  കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം.

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിൽനിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയിൽ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവർണർക്ക് പോലും പ്രസംഗിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാർത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎൻ വാസവന്‍റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച ലിസ്റ്റിൽ പ്രതിപക്ഷ നേതാവിന്‍റെ പേര് ഒമ്പതാമതായി ഉണ്ട്. വേദിയിലിരിക്കാനുള്ള പട്ടികയിൽ തന്നെ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയത്. പ്രതിപക്ഷ നേതാവിനും വേദിയിൽ ഇരിപ്പിടമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ വിവരം ലഭിച്ചശേഷമെ പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിക്കാൻ കഴിയുമായിരുന്നുള്ളു.

അതിനുമുമ്പായി ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്‍റെ പേരടക്കം ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയത്. മൂന്നുപേര്‍ക്ക് മാത്രമാണ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കാൻ അവസരമുള്ളത്.  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പിന്നെ സ്വാഗതം തനിക്കും മാത്രമാണ് പ്രസംഗിക്കാൻ അവസരമുള്ളത്. ഗവര്‍ണര്‍ക്ക് പോലും സംസാരിക്കാൻ അവസരമില്ല. ഇതാണ് പരിപാടിയുടെ പ്രോട്ടോക്കോളെന്നും പ്രതിപക്ഷ നേതാവിന്‍റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വിഎൻ വാസവൻ പറഞ്ഞു.  17 പേര്‍ക്കാണ് വേദിയിലിരിക്കാൻ അനുമതിയുള്ളതെന്നും വിഎൻ വാസവൻ പറഞ്ഞു.


'അയ്യായിരത്തിലധികം തൊഴിലവസരങ്ങള്‍'

ആകാശത്തോളം അഭിമാനം എന്ന് പറയാൻ കഴിയുന്ന സന്തോഷകരമായ നിമിഷമാണിതെന്ന് വിഎൻ വാസവൻ പറഞ്ഞു. നാടിന്‍റെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ചരിത്ര മുഹൂര്‍ത്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ട്രയൽ റണ്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ കപ്പലുകളെത്തി. വിഴിഞ്ഞത്തേക്കുള്ള റോഡ് -റെയിൽ അനുബന്ധ സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. 10.5 കിലോമീറ്റര്‍ റെയിൽ പാതയിൽ 9.2 കിലോമീറ്റര്‍ തുരങ്കപാതയാണ്. ഇതുസംബന്ധിച്ച് ഡിപിആര്‍ തയ്യാറാക്കുകയും കേന്ദ്ര റെയില്‍വെ മന്ത്രാലയം അനുമതി നൽകുകയും ചെയ്തു.

കഴിഞ്ഞ മാര്‍ച്ചിലാണ് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഇപ്പോള്‍ ഭൂമിയേറ്റെടുക്കലിലേക്കും കടന്നു. മറ്റൊന്ന് റോഡ് കണക്ടിവിറ്റിയാണ്. താല്‍ക്കാലികമായുള്ള പരിഹാരമടക്കം കണ്ടെത്തിയിട്ടുണ്ട്. റിങ് റോഡിന്‍റെ കാര്യത്തിലടക്കം ബജറ്റിൽ തുക വകയിരുത്തി പുനലൂരിനെയും കൊല്ലത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കു നടപ്പാക്കുക. 5000ത്തിലധികം തൊഴിലവസരങ്ങള്‍ നേരിട്ടും ആയിരകണക്കിന് തൊഴിലവസരങ്ങള്‍ പരോക്ഷമായും ഉണ്ടാകുമെന്നും വിഎൻ വാസവൻ പറഞ്ഞു. 

'യുഡിഎഫ് സര്‍ക്കാര്‍ കല്ലിട്ടതൊഴിച്ചാൽ ഒന്നും ചെയ്തില്ല'

വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിൽ ഒരു തര്‍ക്കത്തിന്‍റെയും ആവശ്യമില്ല. ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇത് ജനങ്ങളുടെ പോർട്ടാണ്. ജനങ്ങൾ തന്നെ തീരുമാനിക്കട്ടെയെന്നും വിഎൻ വാസവൻ പറഞ്ഞു. ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന്‍റെ ആശയത്തിനായി കമ്മീഷനെ വെച്ചത് നായനാര്‍ സര്‍ക്കാരാണ്. പിന്നീട് വിഎസ് സര്‍ക്കാരാണ് വിഴിഞ്ഞം കമ്പനി ഉദ്ഘാടനം ചെയ്തത്.  പിന്നീട് ഉമ്മൻചാണ്ടി സര്‍ക്കാര്‍ പ്രക്ഷോഭ സമരങ്ങള്‍ വന്നപ്പോഴാണ് വിഴിഞ്ഞത്തിനായി അനങ്ങിയത്.

2015ൽ അദാനിയുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ പങ്കാളിത്ത കരാര്‍ ഉണ്ടാക്കി. കരാറിന്‍റെ ഉള്ളടക്കത്തെയാണ് സിപിഎം അന്ന് എതിര്‍ത്തത്. പിന്നീട് അവര്‍ കല്ലിട്ട് പോയ് എന്നതൊഴിച്ചാൽ ഉമ്മൻചാണ്ടി സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. കല്ലിട്ടാൽ മാത്രം കാര്യം നടക്കുമെങ്കിൽ പാലക്കാട് കോച്ച് ഫാക്ടറിക്ക് കല്ലിട്ടിട്ട് ഒന്നും നടന്നിട്ടില്ല. 
വിഴിഞ്ഞം കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോഴാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതും ഇപ്പോള്‍ അത് യഥാര്‍ത്ഥ്യത്തിലെത്തിച്ചതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ക്രെഡിറ്റ് നാടിനാണെന്നും വിഎൻ വാസവൻ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം