
തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി സമവായ ചർച്ചകളിൽ അദാനി ഗ്രൂപ്പും .തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ
പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശം,സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചയിൽ അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചു. എന്നാൽ ഈ നിർദ്ദേശത്തോട് അനുകൂലമായല്ല ലത്തീൻ അതിരൂപതയുടെ പ്രതികരണം.
സമരക്കാരുമായുള്ള സർക്കാരിന്റെ ഔദ്യോഗിക ചർച്ചകൾ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പ്രശ്ന പരിഹാര ശ്രമങ്ങൾ സജീവമാകുന്നത്.സമരക്കാരുമായി ചർച്ച നടത്താനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചർച്ച നടത്തിയത്.കെ.വി.തോമസ് അടക്കം സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവർത്തകരുമായാണ് ചർച്ച നടത്തിയത്.സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശമാണ് പ്രധാനമായും പരിഗണനയിലുള്ളത്. അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അനൗദ്യോഗിക ചർച്ചകളിലൂടെ സർക്കാർ ലത്തീൻ അതിരൂപതയെ അറിയിക്കുന്നുണ്ട്.
എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ട് വീഴ്ചയില്ലെന്നാണ് രൂപതയുടെ നിലപാട്.
മൺസൂൺ കഴിഞ്ഞതോടെ എത്രയും വേഗം തുറമുഖ നിർമാണം പുനരാംഭിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഏറ്റവും അധികം പണി പൂർത്തിയായതെന്നും, അതിനാൽ ഈ സീസണാണ്
നിർമാണത്തിന് ഏറ്റവും യോജ്യമെന്നുമാണ് അദാനി ഗ്രൂപ്പും നിർമാണ കമ്പനി അറിയിക്കുന്നത്.സമരം മൂലം ഇതുവരെ 160 കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam