
പാലക്കാട്: ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്‌ഠൻ. എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതും സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മന്ത്രി രാജേഷ് മുഖ്യമന്തിയെ തെറ്റിദ്ധരിപ്പിച്ചു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണ്. 2022ൽ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം വരുത്തി അനുമതി നൽകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ബ്രൂവറിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവര്‍ത്തിക്കുന്നത്. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. മദ്യ നയം മാറും മുൻപ് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനി സ്ഥലം വാങ്ങി. മദ്യനയം മാറുമെന്ന് കമ്പനി എങ്ങനെ അറിഞ്ഞു? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയത്. പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവുന്നതാണ് പദ്ധതിയെന്നും ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് എം.പിയായിരിക്കെ പറഞ്ഞ ആളാണ് എം.ബി.രാജേഷെന്നും വിഡി സതീശൻ പറഞ്ഞു