
കൊച്ചി: പകരംവയ്ക്കാനില്ലാത്ത നമ്മുടെ വാട്ടർ മെട്രോയെയും കൊച്ചിയുടെ കായൽ സൗന്ദര്യത്തെയും ലൈവായി ബ്രിക്സ് രാജ്യങ്ങളിൽ എത്തിച്ച് വ്ലോഗർമാർ. സോഷ്യൽ മീഡിയയിൽ പല കണ്ടൻ്റുകളും വൈറലാക്കിയിട്ടുള്ള ഇവർക്ക് കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ അത്ഭുതമായി. പരമ്പരാഗത ജലഗതാഗതത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച വാട്ടർ മെട്രോ അവരുടെ ഹൃദയം കീഴടക്കുകയായിരുന്നു. 19 ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ്, കണ്ടന്റ് ക്രീയേറ്റഴ്‌സ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയിൽ നിന്ന് ഹൈക്കോർട്ട് ടെർമിനലിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ 45 മിനുട്ട് യാത്ര ചെയ്തത്.
ഏഷ്യയിലെ തന്നെ ആദ്യത്തെ ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റമായ കൊച്ചി വാട്ടർ മെട്രോയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ട് യാത്ര വിദേശ പ്രതിനിധികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ഹൈ-ടെക് സവിശേഷതകളും വ്യത്യസ്ത ഡിസൈനുമുള്ള വാട്ടർ മെട്രോ ബോട്ടിനുള്ളിലിരുന്ന് കണ്ടാലും മതിവരാത്ത കൊച്ചിയുടെ കാഴ്ചകൾ ക്യാമറകളിൽ പകർത്തി. ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അവരിൽ ചിലർ വാട്ടർ മെട്രോയെ ലോകത്തിന് ലൈവായി പകർന്ന് നൽകാനുള്ള തിരക്കിലായിരുന്നു.
ബലറൂസ്, ബൊളിവിയ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപീയ, ഇന്തോനേഷ്യ, ഇറാൻ, ഖസാക്കിസ്ഥാൻ, മലേഷ്യ, നൈജീരിയ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, യുണൈറ്ററ് അറബ് എമിറേറ്റ്സ് (യു.എ.ഇ ), ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയ്റ്റനാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള 35 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലേക്കെത്തിയത്. ഡൽഹി, ആഗ്ര, തിരുവനന്തപുരം, വർക്കല, കുമരകം സന്ദർശനത്തിന് ശേഷമാണ് കൊച്ചിയിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam