
കൊച്ചി: മാസപ്പടി കേസിൽ ഇഡി റിപ്പോട്ടിന്മേൽ നിയമോപദേശം മറ്റന്നാൾ നൽകും. ഇതിൻ്റെ ഭാഗമായി എജിയും ഡിജിപിയും ആഭ്യന്തര മന്ത്രിയെ കാണും. നാളെ ആഭ്യന്തര മന്ത്രിയുമായി എജി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, മാസപ്പടി കേസിൽ ഇഡിക്ക് നൽകിയ സുപ്രധാന മൊഴി പിൻവലിക്കാൻ സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചു. സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ് സുരേഷ്‌കുമാർ, ചീഫ് ജനറൽ മാനേജർ പി.സുരേഷ് കുമാർ എന്നിവരാണ് മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയത്. 2024 മേയ് 15 ന് ആണ് മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയത്. ഇഡി ഭീഷണിപ്പെടുത്തി രാഷ്ട്രീയനേതാക്കളുടെ പേര് പറയിച്ചുവെന്ന് കെ.എസ്.സുരേഷ് കുമാറും, താൻ പറഞ്ഞ യഥാർത്ഥകാര്യങ്ങൾ ഇഡി മുഖവിലയ്ക്ക് എടുത്തില്ലെന്ന് പി.സുരേഷ് കുമാറും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.
പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന് പി സുരേഷ് കുമാർ മൊഴി നൽകിയെന്നാണ് ഇഡിയുടെ വാദം. എന്നാൽ ഇഡിയുടെ വാദങ്ങൾ പൂർണമായി നിഷേധിക്കുന്നതാണ് സിഎംആർഎൽ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം. മൊഴികൾ പിണറായി വിജയനെതിരെ ആയുധമാക്കി പൊലീസിന് ഇഡി കത്ത് കൈമാറിയതിന് പിന്നാലെയാണ് മൊഴി പിൻവലിക്കാൻ നൽകിയ അപേക്ഷയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടത്. മൊഴി നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ മൊഴി പിൻവലിക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാണ് സുരേഷ് കുമാർ നൽകുന്ന വിശദീകരണം. ആ മൊഴി വച്ചാണ് ഇഡി റിപ്പോർട്ട് നൽകിയത് എന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ആയതിനാലാണ് പണം നൽകിയതെന്നാണ് സുരേഷ്‌കുമാർ ഇഡിക്ക് നൽകിയ മൊഴിയെന്നാണ് ഇഡിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam