
ഇടുക്കി: ഹർത്താൽ പ്രഖ്യാപിച്ചതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയിൽ പ്രതിഷേധമറിയിച്ച് വിഎം സുധീരൻ. അനിവാര്യമായ ഘട്ടത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളിൽ സന്തുലിതമായ നിലപാടാണ് എടുക്കേണ്ടിയിരുന്നതെന്നും സുധീരൻ പറഞ്ഞു.
കോടതിയലക്ഷ്യക്കേസില്‍ സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഡീനിന് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഡീൻ കുര്യാക്കോസിനൊപ്പം കാസർകോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീൻ, എ ഗോവിന്ദൻ നായർ എന്നിവർക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
മിന്നൽ ഹര്‍ത്താൽ പാടില്ലെന്ന കോടതി വിധി അറിയില്ലേ എന്നും ഡീൻ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരൻ നമ്പ്യാരും അടങ്ങിയ ഡിവിഷൻ ബെഞ്ച് നേരെത്തെ ചോദിച്ചിരുന്നു. എന്നാൽ, താൻ എൽഎൽബിക്ക് പഠിച്ചിട്ടേ ഉള്ളുവെന്നും പ്രാക്ടീസ് ചെയതിട്ടില്ലെന്നും മിന്നൽ ഹർത്താൽ നിരോധിച്ചുള്ള ജനുവരി ഏഴിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെപ്പറ്റി അറിവില്ലാതെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു ഡീൻ കുര്യാക്കോസ് ഹൈക്കോടതിയെ അറിയിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസിനെ 198 കേസുകളിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam