ചൂട് കൂടുന്നു; പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂന്ന് സമിതികൾ രൂപീകരിച്ചു

By Web TeamFirst Published Mar 27, 2019, 6:04 PM IST
Highlights

പകർച്ചവ്യാധികളുടെ പ്രതിരോധം, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പരിശോധിക്കൽ, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമിതി രൂപീകരിക്കാൻ തീരുമാനം. കൊടും ചൂടിന്‍റെയും വരൾച്ചയുടെയും പശ്ചാത്തലത്തിൽ മൂന്ന് സമിതികളാണ് രൂപീകരിക്കുക.

പകർച്ചവ്യാധികളുടെ പ്രതിരോധം, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പരിശോധിക്കൽ, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ. കുടിവെള്ളം പഞ്ചായത്തുകളിൽ എത്തുന്നുണ്ടോ എന്നത് കളക്ടർമാർ ഉറപ്പാക്കണമെന്ന് സമിതി നിർദ്ദേശം നൽകി.

റവന്യൂ അഡീഷണൽ സെക്രട്ടറിക്കാണ് വരൾച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാ​ഹചര്യത്തിലാണ് അടിയന്തര യോ​ഗം വിളിച്ചത്. ഇത് തുട‌ർന്നാൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് മന്ത്രിമാർക്ക് യോഗം വിളിച്ച് ചേർക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി യോ​ഗം വിളിച്ചു ചേർത്തത്.

സൂര്യാഘാതത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ- ആരോഗ്യ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. വരൾച്ച നേരിടാനും ശു​ദ്ധ ജല ലഭ്യത ഉറപ്പാക്കാനും വേണ്ട പദ്ധതികൾ ഇന്ന് നടക്കുന്ന ടെലി കോൺഫറൻസിങ്ങിൽ അവതരിപ്പിക്കാൻ ജില്ലാ കളക്ട‌മാ‌‌‌ർക്ക് നി‌‍ർദ്ദേശം നൽകിയിട്ടുണ്ട്. വരൾച്ച നേരിടാൻ ജില്ലകൾക്ക് നൽകേണ്ട ഫണ്ടിന്‍റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 32 പേര്‍ക്ക് സൂര്യാതപവും ഒരാള്‍ക്ക് സൂര്യാഘാതവുമേറ്റു. കൊല്ലത്ത് 19പേ‍ർക്കും പാലക്കാട് 7പേര്‍ക്കും കണ്ണൂരിൽ മൂന്നുപേര്‍ക്കും കായംകുളം , പുനലൂര്‍ , കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു മാണ് ഇന്ന് സൂര്യാതപമേറ്റത്. തിരുവനന്തപുരം പുത്തൻതോപ്പിൽ ഒരാൾക്ക് സൂര്യാഘാതവുമേറ്റു . പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിൽ തുടരുന്നത്.

വരുന്ന ദിവസങ്ങളിൽ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് . അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത് . പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

click me!