ഡ്രൈ ഡേ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിഎം സുധീരന്‍

By Web TeamFirst Published Jan 5, 2020, 12:50 PM IST
Highlights

എല്ലാം മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ട് കൊണ്ട് ഡ്രൈ ഡൈയായി പ്രഖ്യാപിച്ചത് എകെ ആന്‍റണി സര്‍ക്കാരാണ്. 

തിരുവനന്തപുരം: ഡ്രൈ ഡേ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മദ്യശാല ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് സര്‍ക്കാര്‍ മറന്നെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി. 

എല്ലാം മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ട് കൊണ്ട് ഡ്രൈ ഡൈയായി പ്രഖ്യാപിച്ചത് എകെ ആന്‍റണി സര്‍ക്കാരാണ്. മാശശമ്പളം കിട്ടുന്ന തീയതിയില്‍ മദ്യശാലകള്‍ തുറന്നിട്ടാല്‍ ആളുകള്‍ ശമ്പളം നേരെ മദ്യത്തിനായി ചിലവഴിക്കും എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ കൊണ്ടു വരുന്നത്. എന്നാല്‍ രണ്ടര പതിറ്റാണ്ടിനിപ്പുറം കേരളത്തിന്‍റെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തിലുണ്ടായ മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഡ്രൈ ഡേ അപ്രസക്തമായെന്നാണ് ഇപ്പോള്‍ സര്‍ക്കാരും സിപിഎമ്മും വിലയിരുത്തുന്നത്. 

മദ്യലഭ്യത ഉറപ്പാക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം ടൂറിസം മേഖലയില്‍ നിന്നും ഐടി രംഗത്ത് നിന്നും ഇപ്പോള്‍ സര്‍ക്കാര്‍ നേരിടുന്നുണ്ട്. പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തിന് ടൂറിസം മേഖലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ പ്രത്യേകിച്ച് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ മദ്യലഭ്യത ഉറപ്പാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഐടി രംഗത്ത് കൂടുതല്‍ നിക്ഷേപവും വിദഗ്ദ്ധരും കേരളത്തിലെത്തിക്കാനായി പബുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. അതേസമയം ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇല്ലെന്നും പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

click me!