
പത്തനംതിട്ട: ഡിവൈഎഫ്ഐ സെമിനാറിൽ (DYFI Seminar) പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ശബ്ദ സന്ദേശം ഗൗരവകരമായ വീഴ്ചയെന്ന് കുടുംബശ്രീ വിലയിരുത്തൽ. ശബ്ദ സന്ദേശത്തിന്റെ ഉടമയായ സിപിഎം പ്രവർത്തകയിൽ നിന്നും വിശദീകരണം തേടി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സെമിനാറിന്റെ പാർട്ടി ബന്ധം അറിയില്ലായിരുന്നവെന്നാണ് എഡിഎസ് അംഗത്തിന്റെ വിശദീകരണം.
പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് വിവാദത്തിലായത്. വാർഡിലെ എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചത്. പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തവർക്ക് 100 രൂപ ഫൈൻ ഉണ്ടെന്നായിരുന്നു സന്ദേശം. എന്നാൽ, പ്രചരിക്കുന്ന ശബ്ദം വ്യാജമാണെന്നാണ് സിപിഎം വിശദീകരണം.
അടുത്തയാഴ്ച പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ലിംഗ പദവിയും ആധുനിക സമൂഹമെന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്. സംസ്ഥാന വ്യാപകമായി സിപിഎം പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളേയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന വിമർശനങ്ങൾ നിലനിക്കുമ്പോഴാണ് സമാനമായ സംഭവം ചിറ്റാറിലുമുണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ സെറ്റ് സാരിയും മറൂൺ ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ എ ഡി എസ് അംഗം ആവശ്യപ്പെടുന്നത്. എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ച് പേർ വീതം നിർബന്ധമായും സെമിനാറില്‍ പങ്കെടുക്കണമെന്നും പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഫൈൻ ഈടാക്കുമെന്നുമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശത്തിലുള്ളത്.
ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ വാട്സ് ഗ്രൂപ്പിലാണ് ആദ്യം സന്ദേശം എത്തിയത്. പിന്നീട് മറ്റ് ഗ്രൂപ്പുകളിലേക്കും എത്തിയതോടെയാണ് സംഭവം വിവാദമായത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ എഡിഎസ് അംഗത്തിന്റെ ആഹ്വാനത്തിനെതിരെ രംഗത്തെത്തി. എന്നാൽ എഡിഎസ് അംഗത്തിനെതിരായ ആരോപണങ്ങളെ പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്സൺ അടക്കമുള്ള സിപിഎം നേതാക്കൾ തള്ളുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam