തിരുവനന്തപുരം/കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 2019-ലെ വോട്ടർ പട്ടിക ഉപയോഗിക്കേണ്ട, പകരം 2015-ലേത് മതിയെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിന് പിന്തുണയുമായി സംസ്ഥാനസർക്കാർ. നേരത്തേ പ്രകടിപ്പിച്ച ആശങ്ക മാറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് സർക്കാർ മലക്കം മറിഞ്ഞത്. ഇതിനിടെ, വോട്ടർ പട്ടിക പുതുക്കാത്തതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി നോട്ടീസയച്ചു.
2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർ പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനും വേണമെന്നായിരുന്നു നേരത്തെ യുഡിഎഫും എൽഡിഎഫും ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പ്രായോഗിക പ്രയാസം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം തള്ളിയതോടെ എൽഡിഎഫ് പിന്നോട്ട് പോയി. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് കമ്മീഷന് മുമ്പ് കത്തയച്ച സർക്കാർ ഇപ്പോൾ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലേക്ക് മാറി.
''2015-ലെ വോട്ടർപട്ടികയാണ് നിലവിലുള്ളത്. അതിലേക്കുള്ള കൂട്ടിച്ചേർക്കലുകളാണ് നടക്കാൻ പോകുന്നത്. അത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങൾക്ക് അനുസരിച്ചുള്ളതാണ് ആ വോട്ടർപട്ടിക. അതിൽ ആശയക്കുഴപ്പങ്ങളുണ്ടാകില്ല'', എന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കില്ല. ആവശ്യമെങ്കിൽ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വോട്ടർ പട്ടികയിൽ പ്രതിപക്ഷം കോടതിയെ സമീപിച്ചാൽ വോട്ടെടുപ്പ് ഒരുക്കൾ ആശങ്കയിലാകും.
2015-ന് ശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തവർ വീണ്ടും അതേ നടപടികൾ ആവർത്തിക്കേണ്ടി വരുന്നതിലെ പ്രയാസമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. വാർഡുകൾ വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തെ നേരത്തെ തന്നെ പ്രതിപക്ഷം എതിർത്തിരുന്നു. വാർഡ് വിഭജനം സംബന്ധിച്ച ഓർഡിനൻസിൽ ഇതുവരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല. പ്രതിപക്ഷനേതാവ് നൽകിയ പരാതിയിൽ ഗവർണ്ണർ ആവശ്യപ്പെട്ട രേഖകൾ സർക്കാർ കഴിഞ്ഞയാഴ്ച നൽകിയിരുന്നു.
ഇതിനിടെ, പഴയ വോട്ടർപട്ടിക കരട് പട്ടികയാക്കാൻ തീരുമാനിച്ചതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നോട്ടീസയച്ചു. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി, ഫറൂക്ക് മുൻസിപ്പൽ കൗൺസിലർ പി ആഷിഫ് എന്നിവർ ഹർജിക്കാരായി നൽകിയ റിട്ട് ഹർജിയിലാണ് നിർദേശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam