
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബ കോൺട്രാക്ട് സൊസൈറ്റിക്ക് പൊലീസ് ഡാറ്റ ബേസ് ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട പഴയ ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ തിരുത്തി. പൊലീസ് ഡാറ്റ ബേസിലേക്ക് ഊരാളുങ്കലിന് പ്രവേശനമില്ലെന്നും സോഫ്റ്റുവെയര്‍ നിര്‍മ്മിക്കാനുള്ള അനുമതി മാത്രമാണുള്ളതെന്നും ലോക്നാഥ് ബെഹ്റയുടെ പുതിയ ഉത്തരവിൽ വിശദീകരിക്കുന്നു.
പൊലീസ് ഡാറ്റാബേസിലെ യാതൊരു വിവരവും ഊരാളുങ്കലിന് കിട്ടില്ലെന്നും സിസിടിഎൻഎസിൽ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഊരാളുങ്കലിന് ഡേറ്റാ ബേസിലേക്ക് പ്രവേശനം അനുവദിച്ചത് ഉത്തരവിൽ വന്ന പിശകാണെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയിൽ വിശദീകരിച്ചിരുന്നു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് സൊസൈറ്റിക്ക് 35 ലക്ഷം രൂപ കൈമാറാനുളള ഡിജിപിയുടെ ഉത്തരവും തടഞ്ഞിരുന്നു. പാസ്പോർടുമായി ബന്ധപ്പെട്ട സോഫ്ട് വെയർ അപ്ഡേഷൻ എന്ന പേരിലാണ് സംസ്ഥാന പൊലീസ് ഡേറ്റാ ബേസ് കോഴിക്കോടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. സംസ്ഥാന പൊലീസിന്‍റെ കൈവശമുളള കുറ്റവാളികളടക്കമുളളവരുടെ വിവരങ്ങളടങ്ങിയ ഡേറ്റാ ബേസ് സ്വകാര്യ സ്ഥാപനത്തിന്‍റെ കൈവശമെത്തുമെന്നായിരുന്നു പ്രധാന ആക്ഷേപം. കോടതിക്കുപോലും പ്രവേശനം അനുവദിക്കാത്ത ഡേറ്റാ ശേഖരം കൈകാര്യം ചെയ്യാൻ എങ്ങനെ സ്വകാര്യ ഏജൻസിയെ അനുവദിക്കാനാകുമെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഊരാളുങ്കൽ സൊസൈറ്റിക്ക് 35 ലക്ഷം രൂപ അനുവദിക്കാനുളള ഡിജിപിയുടെ നടപടിയും തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് മാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam