പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി, 9 വോട്ടുകൾ ചെയ്തപ്പോൾ വിവിപാറ്റിൽ 10 സ്ലിപ്പുകൾ വന്നു

By Web TeamFirst Published Apr 19, 2024, 10:24 AM IST
Highlights

9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്.

പത്തനംതിട്ട : കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക്  പോൾ നടത്തി ഉറപ്പുവരുത്തിയെന്നും  ജില്ലാ കളക്ടർ വ്യക്തമാക്കി. ഏപ്രിൽ 17നാണ് മോക് പോളിംഗ് നടന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ തമിഴ്നാട് അടക്കം വിധിയെഴുതുന്നു, പോളിംഗ് ബൂത്തുകളിലേക്ക് ജന പ്രവാഹം

കാസർകോട് മോക് പോളിലെ പരാതി

കാസർകോട് കഴിഞ്ഞ ദിവസം നടത്തിയ മോക് പോൾ പരിശോധനയിലാണ് നാല് വിവിപാറ്റ് പ്രിൻ്റിൽ അധിക വോട്ടെന്ന പരാതി ഉയർന്നത്. മൊഗ്രാൽ പുത്തുർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലാണ് പരാതി ഉയർന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് രേഖപ്പെടുത്തിയപ്പോൾ വിവിപാറ്റ് പ്രിൻ്റിൽ കാണിച്ചത് രണ്ടെണ്ണമാണ്. എണ്ണാനുള്ളതല്ല എന്ന് ഈ അധിക വിവിപാറ്റ് പ്രിൻ്റിൽ  രേഖപ്പെടുത്തിയിരുന്നു. കൺട്രോൾ യൂണിറ്റിൽ കണക്ക് കൃത്യമാണെങ്കിലും വിവിപാറ്റ് എണ്ണേണ്ടി വരുമ്പോൾ വോട്ട് തങ്ങളുടേതാണെന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാചര്യം ഉണ്ടാകുമെന്നാണ് പരാതിക്കാരുടെ വാദം. വിഷയം ഇന്നലെ സുപ്രീം കോടതിയിലും പരാമർശിക്കപ്പെട്ടു.

ഇലക്ഷൻ കമ്മീഷൻ വിശദീകരണം

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച റിപ്പോർട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ വിശദീകരിച്ചു. ഇക്കാര്യത്തിൽ  ജില്ലാ കളക്ടറും റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് നൽകാമെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. കാസർകോട് ബിജെപിക്ക് മോക് പോളിൽ പോൾ ചെയ്യാത്തതിന് വോട്ട് ലഭിച്ച വിവരം മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വിശദീകരിച്ചത് 

 

click me!