തമിഴ്നാട്ടിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ചെന്നൈ/ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ ജനങ്ങൾ ബൂത്തുകളിലേക്കെത്തി വിധിയെഴുതിത്തുടങ്ങി. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.
ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ബംഗാളില്‍ മൂന്ന് സീറ്റുകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും പരസ്പരം അക്രമണം നടത്തുന്നുവെന്ന ആരോപണമാണ് രാവിലെ മുതൽ ഉന്നയിക്കുന്നത്. ബംഗാളിൽ ബിജെപി അക്രമം കാട്ടുന്നുവെന്നും ആയുധങ്ങളുമായി വോട്ടർമാരെ ഭീഷണിപ്പെടുത്തുവെന്നും തൃണമൂൽ ആരോപിച്ചു. ആലിപൂർദ്വാറിലെ രണ്ട് ബൂത്തുകളിൽ ബി ജെ പി പ്രവർത്തകർ ആയുധങ്ങളുമായി എത്തിയയെന്നാണ് ടിഎംസി ആരോപണം.തൂഫാൻഗഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ ബംഗാളില്‍ ദിൻഹാട്ടയിൽ ബിജെപി നേതാവിന്റെ വീട്ടിലേക്ക് ബോംബേറുണ്ടായി. പിന്നില്‍ തൃണമൂൽ കോണ്‍ഗ്രസെന്ന് ബിജെപി ആരോപിച്ചു.


നേതാക്കളുടെ പ്രതികരണം
അമിത് ഷാ-അഴിമതിക്കും, പ്രീണന രാഷ്ട്രീയത്തിനുമെതിരായ സന്ദേശമായിരിക്കണം ജനവിധിയെന്ന് അമിത് ഷാ സമൂഹമാധ്യമമായ എക്സിൽ.
മല്ലികാർജ്ജുൻ ഖർഗെ-ഭരണഘടനയേയും, ജനാധിപത്യത്തേയും സംരക്ഷിക്കാനുള്ള പോരാട്ടം ഇന്ന് തുടങ്ങുന്നുവെന്ന് മല്ലികാർജ്ജുൻ ഖർഗെ സമൂഹമാധ്യമമായ എക്സിൽ.
കെ.അണ്ണാമലൈ
തമിഴ്നാട്ടിൽ ചരിത്രജയം നേടുമെന്ന് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. തമിഴ് ജനത മോദിക്കൊപ്പം നിൽക്കും. ബിജെപിക്കാരുടെ കൈയിൽ നിന്ന് പണം വാങ്ങിയ ഒരു വോട്ടറെ കാണിച്ചാൽ രാഷ്ട്രീയം വിടുമെന്നും അണ്ണാമലൈ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരിച്ചു. തമിഴ്നാട്ടിൽ ബിജെപി മൂന്നാം സ്ഥാനത്തെന്ന് കനിമൊഴി.
